പത്തനംതിട്ട:സന്നിധാനത്ത് നടപ്പന്തലിൽ പൊലീസ് നടത്തിയ പരിശോധനയില്‍ 27 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി. പൊലീസിൻ്റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിൻ്റെ പരിശോധനയിലാണ് ആന്ധ്രാ സ്വദേശിയുടെ ബാഗിൽ നിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. നെല്ലൂർ സ്വദേശി ഗോല്ല സന്ദീപ് കുമാർ (28) ആണ് പിടിയിലായത്.
സാധാരണ നടത്തിവരുന്ന സ്‌കാനർ പരിശോധനക്കിടെ യുവാവിൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിൻ്റെ ഒരു അറയ്ക്കുള്ളിൽ കുറച്ചു കഞ്ചാവ് കണ്ടെത്തിയത്. ബാഗിനുള്ളിൽ തെലുഗു ദിനപ്പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവുണ്ടായിരുന്നത്.