ന്യൂഡൽഹി: മഹാകുംഭമേളയിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ലോക്‌സഭയിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് സമാജ്‌വാദി പാർട്ടി നേതാവും എംപിയുമായ അഖിലേഷ് യാദവ്. ഇന്ത്യ ഡിജിറ്റലൈസ്‌ഡ് ആണെന്ന് പറയുമ്പോഴും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് എന്തുകൊണ്ട് അന്തിമ കണക്ക് പുറത്തുവരുന്നില്ലെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ട മണ്ടത്തരങ്ങളാണ് ചെയ്യുന്നത് എന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
'ആദ്യമായി, കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തർ 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി. അതിർത്തികൾ അടച്ചു. ഗതാഗതം നിയന്ത്രിക്കാൻ പോലും കഴിയാത്ത സർക്കാരാണോ വികസിത് ഭാരതിന്‍റെ മുഖം? ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തപ്പോൾ ചന്ദ്രനിൽ പോകുന്നതിന്‍റെ അർഥമെന്താണ്? ആ ഡ്രോണുകൾ ഇപ്പോൾ എവിടെയെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡിജിറ്റൈസേഷനെക്കുറിച്ചാണ് മുഴുവൻ പരസ്യവും എന്നിട്ടും അവർക്ക് മഹാ കുംഭമേളയിൽ മരിച്ചവരുടെയോ കാണാതായവരുടെയോ കണക്കുകൾ നൽകാൻ കഴിയുന്നില്ലെന്നും' അഖിലേഷ് യാദവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 30 പേർക്ക് ജീവൻ നഷ്‌ടമായെന്നും 60 പേർക്ക് പരിക്കേറ്റു എന്നുമാണ് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചത്. സാധാരണക്കാർക്ക് പ്രയോജനം ചെയ്യാത്ത വിഷയങ്ങളിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ബജറ്റ് സമ്പന്നരെയും വ്യവസായികളെയും മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞയാഴ്‌ച യുഎസിൽ നിന്ന് നൂറിലധികം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ രീതിയിലും അഖിലേഷ് യാദവ് സർക്കാരിനെ കടന്നാക്രമിച്ചു. കുറഞ്ഞപക്ഷം അവരെ അന്തസോടെ ഇവിടെ എത്തിക്കണമെന്ന് അഖിലേഷ് യാദവ് മോദിയോട് ആവശ്യപ്പെട്ടു.
Also Read: ലോക്‌സഭ നടപടികള്‍ ഇനി മുതല്‍ ആറ് ഭാഷകളില്‍ കൂടി; പ്രഖ്യാപനവുമായി സ്‌പീക്കര്‍ ഓം ബിര്‍ല