ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ട്രെയിൻ എഞ്ചിനുകളിൽ ശുചിമുറി സൗകര്യമില്ലാത്തത് സ്‌ത്രീകള്‍ അടക്കമുള്ള ലോക്കോ പൈലറ്റുമാരെ വലയ്ക്കുന്നു. 10,000 ലോക്കോമോട്ടീവുകളിൽ 883 എഞ്ചിനുകളിൽ മാത്രമേ നിലവില്‍ ശുചിമുറി സൗകര്യമുള്ളു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് ലോക്കോ പൈലറ്റുമാര്‍.
'ഒരു സ്‌ത്രീ എന്ന നിലയിൽ ഞങ്ങൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ശുചിമുറി ആവശ്യമാണ്. എന്നാൽ ഡ്യൂട്ടി സമയത്ത് ഞങ്ങൾക്ക് ഇതിന് സമയവും സ്ഥലവും ലഭിക്കുന്നില്ല. എന്നെപ്പോലുള്ള വനിതാ ലോക്കോ പൈലറ്റുമാരുടെ സ്ഥിതി ദയനീയമാണ്.'- അസിസ്റ്റന്‍റ് ലോക്കോ പൈലറ്റായ ആഷിമ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്റ്റേഷൻ ആരംഭിക്കുന്ന ഇടത്ത് നിന്ന് ലക്ഷ്യസ്ഥാനം എത്താന്‍ കുറഞ്ഞത് 8 മുതല്‍ 10 മണിക്കൂർ എടുക്കും. ലോക്കോ പൈലറ്റുകൾ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ലോക്കോ റണ്ണിങ് റൂം എത്തുന്നത് വരെയോ മൂത്ര ശങ്ക പിടിച്ചുനിര്‍ത്തേണ്ട ഗതികേടിലാണ്. ഇത് ലോക്കോ പൈലറ്റുമാരുടെ, വിശേഷിച്ചും വനിത ലോക്കോപൈലറ്റുമാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആഷിമ പറഞ്ഞു.
വനിതാ ലോക്കോ പൈലറ്റുമാർ തങ്ങളുടെ പരാതികളെക്കുറിച്ച് അടുത്തിടെ പ്രധാന മന്ത്രിയുടെ ഓഫീസിന് (പിഎംഒ) എഴുതിയിരുന്നു. വനിതാ ലോക്കോ റണ്ണിംഗ് സ്റ്റാഫിന് ആവശ്യമായ സൗകര്യങ്ങളും ഒറ്റത്തവണ കേഡർ മാറ്റാനുള്ള ഓപ്ഷനോ നൽകണമെന്ന് കത്തില്‍ പറയുന്നു.
'കൃത്യമായി ഷെഡ്യൂള്‍ ഇല്ലാത്തതും രാത്രി ഡ്യൂട്ടിയും കാരണം ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ എപ്പോഴും ആശങ്കാകുലരാണ്. ഇതോടൊപ്പമാണ് ശുചിമുറി സൗകര്യത്തിന്‍റെ അഭാവം. ആർത്തവ സമയത്ത് സ്ഥിതി കൂടുതൽ വഷളാകും. സാനിറ്ററി പാഡുകൾ മാറ്റാൻ കഴിയില്ല. ചില ഘട്ടങ്ങളില്‍ വളരെ നാണക്കേട് തോന്നും'- പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
'കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു വിവരാവകാശ നിയമത്തിന് മറുപടിയായി, എൻജിൻ ഡ്യൂട്ടിയിലുള്ള ലോക്കോ പൈലറ്റുമാര്‍ ശുചി മുറിക്കായി ക്രൂ ലോബി ഉപയോഗിക്കൂ എന്ന് റെയിൽവേ നിർദേശിച്ചിരുന്നു. ക്രൂ ലോബി ഇല്ലെങ്കിൽ അവർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ പോകണം'.- ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെൻട്രൽ പ്രസിഡന്‍റ് രാം ശരൺ ഇടിവി ഭാരതിനോട് പറഞ്ഞു, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഭോപ്പാൽ ഡിവിഷനിൽ ഒരു വനിതാ ലോക്കോ പൈലറ്റിനെ ശുചിമുറി ഉപയോഗിക്കാൻ സ്റ്റേഷൻ മാസ്റ്റർ അനുവദിക്കാതിരുന്ന സംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു.
നവംബർ 1 ലെ കണക്കനുസരിച്ച് 2,153 വനിതാ ലോക്കോ പൈലറ്റുമാർ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചത്. ലോക്കോ പൈലറ്റുമാര്‍ക്ക് ശരിയായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്നും അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു. 2018 മുതൽ ലോക്കോമോട്ടീവുകളിൽ മൂത്രപ്പുര സൗകര്യം ഏര്‍പ്പെടുത്തി വരുന്നുണ്ട്. ഇന്നുവരെ 883 ലോക്കോമോട്ടീവുകളിൽ ശുചിമുറി സൗകര്യം ഘടിപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
റെയിൽവേയ്ക്ക് ലോക്കോ എഞ്ചിനുകളിൽ മൂത്രപ്പുര സ്ഥാപിക്കുന്നതില്‍ തടസമില്ലെന്നും എന്നാല്‍ അതിനുള്ള ബജറ്റും സമയവും മാന്‍പവറും ഇല്ലെന്ന് ലോക്കോപൈലറ്റായ എംപി ഡിയോ ഇടിവി ഭാരതിനോട് പറഞ്ഞു. ലോക്കോമോട്ടീവ് അറ്റകുറ്റപ്പണികൾക്ക് നിശ്ചിത സമയമുണ്ട്.
ശുചിമുറികള്‍ സ്ഥാപിക്കുന്നതിന് കൂടുതൽ സമയമെടുത്താൽ മറ്റ് ലോക്കോകളുടെ അറ്റകുറ്റപ്പണി വൈകാന്‍ ഇടയാക്കുമെന്നും എം പി ഡിയോ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: 'ഞങ്ങൾ റീലുകൾ ഉണ്ടാക്കുകയല്ല, കഠിനാധ്വാനം ചെയ്യുകയാണ്': കോൺഗ്രസിനെ കടന്നാക്രമിച്ച് റെയിൽവേ മന്ത്രി