തിരുവനന്തപുരം: വീട്ടിൽ മോഷണം നടന്നിട്ട് നാല് ദിവസം പിന്നിടുമ്പോഴും വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ ഗൃഹനാഥൻ. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം വീട്ടിനുള്ളിൽ പ്രവേശിച്ചാൽ മതി എന്ന പൊലീസിൻ്റെ നിർദേശമനുസരിച്ചാണ് പരശുവക്കിൽ സ്വദേശിയായ സതീഷ് പെരുവഴിയിലായത്.
60 കാരനായ സതീഷ് തമിഴ്‌നാട്ടിൽ ജോലിക്ക് പോയിരുന്ന സമയത്താണ് മോഷണം നടക്കുന്നത്. കഴിഞ്ഞ 22-ാം തീയതി രാത്രി വീട് കുത്തിത്തുറന്ന് മോഷണം നടന്നന്നെന്ന വിവരം ബന്ധുക്കൾ വഴി അറിഞ്ഞതോടെ സതീഷ് നാട്ടിലെത്തി. പിന്നീട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സ്ഥലത്തെത്തിയ പാറശ്ശാല പൊലീസിനോടൊപ്പം വീട്ടിലെ അലമാരകൾ, മേശ എന്നിവ മോഷ്‌ടാവ് കുത്തിതുറന്ന് നശിപ്പിച്ചിരിക്കുന്നുവെന്ന് സതീഷ് കണ്ട് മനസിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇനി ഫോറൻസിക് സംഘം എത്തി പരിശോധന നടത്തിയതിന് ശേഷം മാത്രം വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞ് പാറശാല പൊലീസ് മടങ്ങി. അന്ന് മുതൽ ഫോറൻസിക് സംഘത്തെ കാത്ത് സതീഷ് മണിക്കൂറുകളും ദിവസങ്ങളും പിന്നിടുമ്പോഴും ആരും എത്തിയില്ല. ജോലി സ്ഥലത്ത് നിന്ന് വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് രണ്ട് ദിവസമായി ധരിക്കുന്നതും.
മാറി ഉടുക്കാനുള്ള വസ്ത്രങ്ങൾ വീടിനുള്ളിലായതിനാൽ അതും രക്ഷയില്ല. ഫോറൻസിക് സംഘമെത്തി നടപടികൾ പൂർത്തിയായാൽ മാത്രമേ സതീഷിന് തൻ്റെ ഗോകുലം എന്ന വീട് സ്വന്തമാകൂ. അതുവരെ പെരുവഴിയിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഈ വയോധികന്.
Also Read: ബേപ്പൂര്‍ ഫെസ്‌റ്റിനിടെ ബൈക്ക് മോഷണം; കുട്ടി മോഷ്‌ടാക്കൾ ഉൾപ്പെടെ 4 പേർ പിടിയിൽ