ഡെറാഡൂണ്‍: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി യുസിസി മാനുവല്‍ പുറത്തിറക്കുകയും പോർട്ടല്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. ഇതോടെ ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടനീളം പ്രാബല്യത്തിൽ വന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ടുമുൻപായാണ് ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചത്. മുഖ്യമന്ത്രിയുടെ വസതിയായ മുഖ്യ സേവക് സദനിലാണ് യുസിസി മാനുവല്‍ പുറത്തിറക്കുകയും പോർട്ടല്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യുന്ന ചടങ്ങ് നടന്നത്. നിയമം നടപ്പാക്കുന്നതോടെ മതം, ലിംഗഭേദം, ജാതി, സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനരഹിതമായ നിയമങ്ങള്‍ ഒരു നിയമത്തിന് കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് ധാമി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റുകയാണ്. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിൻ്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരിയോടെ യുസിസി നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം ധാമി പ്രഖ്യാപിച്ചിരുന്നു.
യുസിസി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും "മതേതര സിവിൽ കോഡിനായി പൂർണ ശക്തിയോടെ പ്രവർത്തിക്കുന്നു" എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരാഖണ്ഡിൽ നിയമം പ്രാബല്യത്തിൽ വരുന്നത്.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുസിസി നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപീകരിച്ചതിന് ശേഷം നിയമ നിർമാണത്തിന് മുൻഗണന നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതത്തിനോ ലിംഗത്തിനോ ജാതിക്കോ സമുദായത്തിനോ എതിരെ യാതൊരു വിവേചനവുമില്ലാത്ത യോജിപ്പുള്ള ഇന്ത്യ സൃഷ്‌ടിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
UCC യുടെ പ്രധാന സവിശേഷതകൾ
മകനും മകൾക്കും തുല്യ സ്വത്തവകാശം: ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത് വഴി ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉറപ്പാക്കും.
വിവാഹം: ബഹുഭാര്യത്വം നിരോധിക്കപ്പെടും, പുരുഷന്മാർക്ക് 21 വയസും സ്‌ത്രീകൾക്ക് 18 വയസും നിയമ പ്രകാരമുള്ള വിവാഹ പ്രായമായി കണക്കാക്കും. മതപരമായ ആചാരങ്ങൾക്കനുസൃതമായി വിവാഹങ്ങൾ നടത്താമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമായിരിക്കും.