മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ഗൗതം വാസുദേവ് മേനോന്‍ ചിത്രമാണ് "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്". ജനുവരി 23ന് റിലീസ് ചെയ്‌ത ചിത്രം മികച്ച സ്വീകാര്യതയോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാളത്തില്‍ ഗൗതം മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സിനിമയില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കന്നഡ താരം സുഷ്‌മിത ഭട്ടിനെ കുറിച്ചാണിപ്പോള്‍ പ്രേക്ഷകര്‍ക്കിടിയില്‍ സംസാരം. സുഷ്‌മിതയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. തന്‍റെ അരങ്ങേറ്റ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയിരിക്കുകയാണ് നടി.
സിനിമയില്‍ നന്ദിത എന്ന കഥാപാത്രമായാണ് നടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ അഭിനയ മികവിനോടൊപ്പം പിടിച്ചുനിൽക്കാൻ സുഷ്‌മിതയ്‌ക്കും കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ നടിയുടെ പ്രകടനം അവിസ്‌മരണീയമാണ്.
ക്ലാസിക്കൽ ഡാൻസർ കൂടിയായ സുഷ്‌മിതയുടെ ഇൻസ്‌റ്റഗ്രാം വീഡിയോകൾ കണ്ടാണ് ഈ സിനിമയിലേയ്‌ക്ക് നായിക പ്രാധാന്യമുള്ള കഥാപാത്രത്തിനായുള്ള ക്ഷണം ലഭിക്കുന്നത്. ഇക്കാര്യം സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയത്.
സുഷ്‌മിതയുടെ മികച്ച നൃത്ത രംഗങ്ങൾ ഉൾപ്പെടുന്ന "മാർഗഴി" എന്ന് തുടങ്ങുന്ന 'ഡൊമനിക്കി'ലെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കാൽജിഗ, ചൗ ചൗ ബാത് എന്നിവയാണ് സുഷ്‌മിത അഭിനയിച്ച് ശ്രദ്ധ നേടിയ മുൻ ചിത്രങ്ങൾ.
കോമഡി ത്രില്ലർ ജേണറിലുള്ള ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്'. ഡോക്‌ടർ സൂരജ് രാജൻ, ഡോക്‌ടർ നീരജ് രാജൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ആറാമത്തെ ചിത്രം കൂടിയാണിത്.
തമിഴിൽ നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഗൗതം മേനോന്‍റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം വിജയ ചരിത്രം രചിച്ചിരിക്കുകയാണ്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ആദ്യാവസാനം വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം യുവാക്കളും കുടുംബ പ്രേക്ഷകരും ഉൾപ്പെടെ എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട്.
മമ്മൂട്ടി, ഗോകുൽ സുരേഷ്, സുഷ്‌മിത ഭട്ട് എന്നിവർക്കൊപ്പം വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഛായാഗ്രഹണം- വിഷ്‌ണു ആർ ദേവ്, സംഗീതം - ദർബുക ശിവ, എഡിറ്റിംഗ് - ആന്‍റണി, സംഘട്ടനം - സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്‌ടർ - പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, സൗണ്ട് മിക്‌സിങ് - തപസ് നായക്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അരിഷ് അസ്‌ലം, മേക്കപ്പ് - ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണര്‍ - ട്രൂത് ഗ്ലോബൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.