ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയിലെ നേതൃത്വ പ്രതിസന്ധി കാരണം അടുത്ത ആറ് മാസത്തിനുള്ളിൽ പഞ്ചാബിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ്. ഏത് വെല്ലുവിളിക്കും കോണ്‍ഗ്രസ് തയ്യാറാണെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അലോക് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
'അടുത്ത ആറ് മാസത്തിനുള്ളിൽ പഞ്ചാബിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാല്‍ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ നിന്ന് സംസ്ഥാനം ഭരിക്കാനായി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മാറ്റിയേക്കാം. ആ സാഹചര്യത്തിൽ ഭഗവത് മാൻ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പദ്ധതിയുമായി ഗവർണറെ സമീപിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്‌തേക്കാം. ഞങ്ങൾ തെരഞ്ഞെടുപ്പിന് തയ്യാറാണ്.'- അലോക് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.
നിരവധി എഎപി എംഎൽഎമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ അവർ പാർട്ടി മാറിയേക്കുമെന്നും സിഎൽപി നേതാവ് പ്രതാപ് സിംഗ് ബജ്‌വ, മുൻ മന്ത്രി എസ്എസ് രൺധവ എന്നിവരുൾപ്പെടെയുള്ള പഞ്ചാബ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും കൂറുമാറ്റ നിരോധന നിയമം കണക്കിലെടുത്ത് എഎപിയുടെ പഞ്ചാബ് യൂണിറ്റിൽ പിളർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് എഐസിസി വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രമസമാധാനം, മയക്കുമരുന്ന്, തൊഴിലില്ലായ്‌മ, കർഷകരുടെ ദുരവസ്ഥ തുടങ്ങിയ നിരവധി ഭരണ വെല്ലുവിളികൾ പരിഹരിക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടതായും മുഖ്യമന്ത്രിക്ക് ഒരിക്കലും സ്വതന്ത്രമായ ഒരു കൈ ഉണ്ടായിരുന്നില്ലെന്നും അലോക് ശർമ്മ പറഞ്ഞു.
നല്‍കിയ വാഗ്‌ദാനങ്ങളൊക്കെയും ലംഘിക്കുകയാണ് കെജ്‌രിവാള്‍ ചെയ്‌തതെന്ന് രണ്‍ധവ ഇടിവി ഭാരതിനോട് പറഞ്ഞു. താൻ ഒരിക്കലും സർക്കാർ വാഹനമോ വീടോ സുരക്ഷയോ എടുക്കില്ലെന്ന് കെജ്‌രിവാൾ മുമ്പ് വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷേ അദ്ദേഹം അത് പാലിച്ചില്ല. തന്‍റെ അഴിമതി ആരോപണങ്ങൾക്ക് അദ്ദേഹം ഒരിക്കലും മറുപടി നൽകിയില്ല. ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പഞ്ചാബ് മുഖ്യമന്ത്രി കസേര വളരെ അസ്ഥിരമായിരുന്നു. ഇപ്പോൾ ഡൽഹിയിലെ പരാജയത്തിന് ശേഷം അത് ആടിയുലയുകയാണ് എന്നും രൺധവ പറഞ്ഞു.
അതേസമയം, ഇടക്കാല തെരഞ്ഞെടുപ്പ് ഉടൻ നടന്നാൽ ആം ആദ്‌മി പാർട്ടി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുമെന്ന് പഞ്ചാബ് കോൺഗ്രസ് മേധാവി അമരീന്ദർ രാജ വാറിങ് പറഞ്ഞു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെ പഞ്ചാബ് നേതാക്കൾ ശക്തമായി എതിർത്തിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.