തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുപൊട്ടിയ വയനാടിന്‍റെ പുനരധിവാസത്തിന് ഒടുവില്‍ കേന്ദ്ര സഹായം. മൂലധന നിക്ഷേപ വായ്‌പയായി 529.50 കോടി രൂപ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്ന നിബന്ധയോടെ വായ്‌പ അനുവദിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചു. വായ്‌പയ്ക്ക് പലിശയില്ല.
സംസ്ഥാനം ആവശ്യപ്പെട്ട 16 പുനരധിവാസ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. വായ്‌പയ്ക്ക് പലിശയില്ലെങ്കിലും വായ്‌പാ തുക 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച്, വരുന്ന മാര്‍ച്ച് 31 നകം ചെലവഴിക്കണമെന്ന വിചിത്രമായ നിബന്ധനയോടെയാണ് വായ്‌പ അനുവദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേന്ദ്രത്തിന്‍റെ നിബന്ധന അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ട 16 പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുളളത്. പദ്ധതി സംബന്ധിച്ചും തുക സംബന്ധിച്ചും കൃത്യമായി വിവരം കേന്ദ്രം അനുവദിച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രം തുക നല്‍കിയത് താഴെ പറയുന്ന പദ്ധതികള്‍ക്ക്:
1. നെടുമ്പാലയിലും എല്‍സ്‌ടോണ്‍ എസ്‌റ്റേറ്റിലുമുള്ള ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് - 113.32 കോടി
2. നെടുമ്പാലയിലം എല്‍സ്‌ടോണ്‍ എസ്‌റ്റേറ്റിലും ടൗണ്‍ഷിപ്പുകളിലേക്ക് റോഡ് നിര്‍മാണം - 87.24 കോടി
3. പുന്നപ്പുഴ നദീതീര പുനരുദ്ധാരണം - 65 കോടി
4. വൈത്തിരി, തൊണ്ടാര്‍നാട്, പനമരം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ നിര്‍മാണം - 21 കോടി
5. മുട്ടില്‍-മേപ്പാടി റോഡ് പുനരുദ്ധാരണം-60 കോടി
6. ചൂരല്‍മല പാലം നിര്‍മാണം - 38 കോടി
7. വെള്ളാര്‍മല മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍ നിര്‍മാണം-12 കോടി
8. വൈത്തിരി താലൂക്ക് ആശുപത്രി കിടത്തി ചികിത്സയുള്ള രോഗികള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണം - 15 കോടി
9. എല്‍സ്‌ടോണ്‍ ടൗണ്‍ഷിപ്പില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണം - 13.50
10. കാരപ്പുഴ 15 എംഎല്‍ഡി ജലശുദ്ധീകരണ പ്ലാന്‍റ് - 22.50
11. മേപ്പാടിയിലും സമീപ പഞ്ചായത്തുകളിലും 6 ഹെലിപ്പാഡുകളും അപ്രോച്ച് റോഡുകളും - 9 കോടി
12. കല്‍പ്പറ്റ ഡിസ്ട്രിക്‌ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിട്ടിക്ക് ഡി ബ്ലോക്ക് നിര്‍മാണം - 30 കോടി
13. മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടര്‍ - 28 കോടി
14. ചൂരല്‍മല - അട്ടമല റോഡ് - 9 കോടി
15. പുഞ്ചിരിമറ്റം - വനറാണി ബ്രിഡ്‌ജും അപ്രോച്ച് റോഡും - 7 കോടി
16. ഗവണ്‍മെന്‍റ് എല്‍പിഎസ് എട്ടാം നമ്പര്‍ പാലം - 7 കോടി
അതേസമയം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്ന് പണം ചെലവിടുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. വായ്‌പാ പണത്തെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ പെടുത്തുമോ എന്നതില്‍ വ്യക്തതയില്ല. പണം സംസ്ഥാനത്തിനുള്ള ഗ്രാന്‍റില്‍ പെടുത്തി കേന്ദ്രത്തിന് ഇളവു ചെയ്യാമെന്നും അതിലൂടെ സംസ്ഥാനത്തിന്‍റെ വായ്‌പാ ഭാരം ഒഴിയുമെന്നും ധനമന്ത്രി പറഞ്ഞു.