മഹാകുംഭ് നഗര്‍: തിരക്ക് പരിഗണിച്ച് മഹാകുംഭമേള നീട്ടുമെന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര മന്ദാര്‍. മതപരമായ മുഹൂര്‍ത്തങ്ങള്‍ അനുസരിച്ചാണ് കുംഭമേള നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്‍ നിശ്ചയിച്ച പ്രകാരം ഈ മാസം 26ന് മഹാകുംഭമേള സമാപിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ നിര്‍ദ്ദേശപ്രകാരം ഭക്തര്‍ക്ക് സുഗമമായ യാത്രയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നോ ജില്ലാ ഭരണകൂടത്തില്‍ നിന്നോ മേള നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല. തീര്‍ത്ഥാടകര്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും രവീന്ദ്ര മന്ദാര്‍ ആവശ്യപ്പെട്ടു.
ശേഷിക്കുന്ന ദിവസങ്ങളില്‍ ത്രിവേണി സംഗമത്തിലെ സ്‌നാനം തിരക്കില്ലാതെ എല്ലാ ഭക്തര്‍ക്കും നടത്താന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഭക്തരുടെയും സാധാരണക്കാരുടെയും സഞ്ചാരം സുഗമമാക്കാനായി ഭരണകൂടം ഗതാഗത നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു റെയില്‍വേസ്റ്റേഷനും മുന്‍കൂട്ടി അറിയിക്കാതെ അടച്ചിട്ടില്ലെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ദരെഗഞ്ചിലെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ അടച്ചിടുന്നത് സാധാരണ നടപടിയാണ്. ഇത് മേള കേന്ദ്രത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ടാണിത്. അമിതമായ ജനക്കൂട്ടം ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി. എല്ലാ റെയില്‍വേ സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാത്രക്കാര്‍ക്കും സുഗമ സഞ്ചാരം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേള മൂലം ഒരു വിദ്യാര്‍ത്ഥിക്കും പരീക്ഷ എഴുതാതെ ഇരിക്കേണ്ടി വന്നിട്ടില്ല. കുട്ടികളും രക്ഷിതാക്കളും നേരത്തെ കൂട്ടി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് അറിയിച്ചിരുന്നു. ഇത് എല്ലാവരും കൃത്യമായി പാലിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അവസരവും കൂടി സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്തരും നാട്ടുകാരും വിവരങ്ങള്‍ക്കായി ഔദ്യോഗിക വൃത്തങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും അദ്ദേഹം നിര്‍ദ്ദശിച്ചു.
അതേസമയം മഹാകുംഭമേള മൃത്യുകുംഭമായി മാറിയെന്ന ആക്ഷേപവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു എന്നാണ് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്.
Also Read: 'മഹാ കുംഭമേള മൃത്യു കുംഭമായി'; അസംബ്ലിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി