ന്യൂഡൽഹി: യമുന നദിയെ ശുദ്ധമാക്കുക എന്നതിനാണ് സർക്കാര്‍ മുൻഗണന നല്‍കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. സത്യപ്രതിജ്ഞയ്ക്ക് ശേഷം യമുനയുടെ തീരത്ത് നടന്ന ആരതിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ ഗുപ്‌ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ഡൽഹി ബിജെപി മേധാവിയുമായ വീരേന്ദ്ര സച്ച്‌ദേവും ചടങ്ങില്‍ പങ്കെടുത്തു.
'ഇന്ന്, മാ യമുനയിലെ ആരതി വേളയിൽ, നദി വൃത്തിയാക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ഞങ്ങൾ ഒന്നുകൂടെ ഓർമ്മിച്ചു. അതിന് ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും. ഇതിന് തങ്ങള്‍ മുന്‍ഗണന നല്‍കുമെന്നും രേഖ ഗുപ്‌ത പറഞ്ഞു. മാ യമുന നമ്മെ അനുഗ്രഹിച്ചെന്നും യമുന വൃത്തിയാക്കാന്‍ ബിജെപിയുടെ ഡൽഹി സർക്കാർ പ്രവർത്തിക്കുമെന്നും വീരേന്ദ്ര സച്ച്ദേവും മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് ഉച്ചയ്ക്കാണ് രേഖ ഗുപ്‌ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. പർവേഷ് വർമ്മ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്‌തു. ഫെബ്രുവരി 16ന് നദിയിലെ മാലിന്യം നീക്കം ചെയ്യുന്ന യന്ത്രങ്ങൾ, കളപറിക്കാനുള്ള യന്ത്രങ്ങൾ, ഡ്രെഡ്‌ജ് യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവ നദീ തീരത്ത് എത്തിച്ചിരുന്നു.
ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണവും പിടച്ചാണ് ബിജെപി ഇത്തവണ അധികാരത്തിലെത്തിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ യമുന നദിയുടെ മലിനീകരണം ഒരു പ്രധാന വിഷയമായിരുന്നു. മലിനീകരണം, കൈയേറ്റങ്ങൾ, വെള്ളപ്പൊക്ക മാനേജ്മെന്‍റ് എന്നിവയെച്ചൊല്ലി രാഷ്‌ട്രീയ പാർട്ടികൾ പരസ്‌പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യമുന വൃത്തിയാക്കുമെന്ന വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ ആം ആദ്‌മി പാർട്ടി പരാജയപ്പെട്ടു എന്നതായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. യമുന നദിയുടെ ശുദ്ധീകരണം ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനമായിരുന്നു.
Also Read: സുഷമ സ്വരാജ് മുതല്‍ രേഖ ഗുപ്‌ത വരെ... ഇന്ദ്രപ്രസ്ഥത്തെ നയിച്ച പെണ്‍പുലികള്‍ ഇവര്‍