വേനൽക്കാലത്തെ ചർമ്മ സംരക്ഷണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ചൂടും പൊടിയും വിയർപ്പുമെല്ലാം ചർമ്മത്തിന്‍റെ ആരോഗ്യം മോശമാകും. അതുകൊണ്ട് തന്നെ ചൂടുകാലമായാൽ ചർമ്മത്തെ ഓർത്ത് ആശങ്കപ്പെടുന്നവർ നിരവധിയാണ്. ഇനി ഇതോർത്ത് വിഷമിക്കേണ്ട. വേനലിൽ ചർമ്മത്തിന്‍റെ സൗന്ദര്യം നഷ്‌ടമാകാതെ സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
സൺസ്‌ക്രീൻ ഉപയോഗിക്കുക
പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ലോഷൻ പുരട്ടുക. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. എസ്‌പിഎഫ് 30 യോ അതിൽ കൂടുതലോ ഉള്ള സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി വിയർക്കുന്ന സാഹചര്യങ്ങളിൽ ഓരോ രണ്ടോ മണിക്കൂർ കൂടുമ്പോഴും ഇത് വീണ്ടും പുരട്ടുക. ചെവി, കഴുത്ത്, കൈകൾ എന്നിവടങ്ങളിലും സൺസ്‌ക്രീൻ പുരട്ടേണ്ടത് നിർബന്ധമാണ്.
ജലാംശം നിലനിർത്തുക
വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ചർമ്മത്തിലെ ഈർപ്പം നഷ്‌ടമാകാതെയിരിക്കാൻ ഇത് സഹായിക്കും. ധാരാളം വെള്ളം കുടിച്ചും മോയ്‌സ്‌ചറൈസറുകൾ ഉപയോഗിച്ചതും ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാം.
നൈറ്റ് ക്രീം
രാത്രി ഉറങ്ങുന്നതിന് മുമ്പ് ചർമ്മത്തിൽ നൈറ്റ് ക്രീം പുരട്ടുക. ഹൈലൂറോണിക് ആസിഡ്, പെപ്റ്റൈഡുകൾ, റെറ്റിനോൾ എന്നിവ അടങ്ങിയ നൈറ്റ് ക്രീം തെരഞ്ഞെടുക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം
ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ ആവശ്യമായ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉലപ്പെടുത്തുക. സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും ചർമ്മത്തിലെ തിളക്കം നിലനിർത്താനും ഇത് സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ലിപ് ബാം
ചുണ്ടുകളുടെ പരിചരണത്തിനായി എസ്‌പിഎഫ് അടങ്ങിയിട്ടുള്ള ലിപ് ബാം ഉപയോഗിക്കുക. സൂര്യ രശ്‌മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും.
സുഖപ്രദമായ വസ്ത്രം ധരിക്കുക
ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുക. കൂടാതെ പുറത്തിറങ്ങുമ്പോൾ തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. ഇനി ചർമ്മം മിന്നി തിളങ്ങും; പരീക്ഷിക്കാം കാപ്പിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ
2. ഇതൊരു തുള്ളി മതി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം