പലഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്‌ടമാണെങ്കിലും അതുണ്ടാക്കാന്‍ സമയം ചെലവഴിക്കാന്‍ മടിയാണ് പലര്‍ക്കും. അതുകൊണ്ട് തന്നെ നാലുമണിക്ക് വല്ലതും കഴിക്കണമെങ്കില്‍ വേഗം കടയില്‍ പോയി പലഹാരങ്ങള്‍ വാങ്ങുന്നവരാണ് ഭൂരിഭാഗവും. കടയില്‍ നിന്നും വാങ്ങുന്ന പലഹാരങ്ങളില്‍ നിറത്തിനും രുചിയ്‌ക്കുമായി നിരവധി അപകടകരമായ ചേരുവകള്‍ ചേര്‍ക്കാറുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ വേഗത്തില്‍ രോഗികളാകാനും സാധ്യതയുണ്ട്. എന്നാല്‍ ഞൊടിയിടയില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാനാകുന്ന ഒരു റെസിപ്പിയാണ് ഇന്നത്തേത്. രുചികരവും എന്നാല്‍ എണ്ണയും പഞ്ചസാരയും ഒട്ടും ചേര്‍ത്തിട്ടില്ലാത്തതുമായ ഒരിനം. മാത്രമല്ല ആവിയില്‍ വേവിക്കുന്നത് കൊണ്ട് ഇതിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയുമില്ല. മാത്രമല്ല ഇതിലെ ചേരുവകളെല്ലാം വീട്ടില്‍ എല്ലായിപ്പോഴും ഉണ്ടാകുന്നവയുമാണ്. രുചികരമായ ഈ വിഭവത്തിന്‍റെ റെസിപ്പിയിതാ...
ആവശ്യമുള്ള ചേരുവകള്‍:
- ശര്‍ക്കര
- നെയ്യ്
- അണ്ടിപ്പരിപ്പ്
- കിസ്‌മിസ്
- നേന്ത്രപ്പഴം
- തേങ്ങ
- ഏലയ്‌ക്കാപ്പൊടി
- റവ
- ഉപ്പ്
തയ്യാറാക്കേണ്ട വിധം: ആദ്യം ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കാം. അത് ചൂടായി വരുമ്പോള്‍ അല്‍പം അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കാം. അണ്ടിപ്പരിപ്പ് ചെറിയ ബ്രൗണ്‍ നിറമാകുമ്പോള്‍ ചട്ടിയില്‍ നിന്നും കോരി മാറ്റാം. എന്നിട്ട് അതേ ചട്ടിയില്‍ ആവശ്യമെങ്കില്‍ അല്‍പം നൊയ്യൊഴിച്ച് ചെറുതായി അരിഞ്ഞ് വച്ചിട്ടുള്ള നേന്ത്രപ്പഴം ചേര്‍ക്കാം. ചെറിയ തീയില്‍ നേന്ത്രപ്പഴം നന്നായി വേവിച്ച് ഉടച്ചെടുക്കാം. ഇത് വേവാകുമ്പോഴേക്കും മറ്റൊരു പാത്രത്തില്‍ മധുരത്തിന് ആവശ്യമായ ശര്‍ക്കര ഉരുക്കിയെടുക്കാം. ശേഷം നന്നായി വെന്ത് ഉടഞ്ഞ പഴത്തിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് കൊടുക്കാം. നന്നായി ഒന്ന് ഇളക്കിയ ശേഷം അതിലേക്ക് ഏലയ്‌ക്കാ പൊടിയും മധുരം ഒന്ന് ബാലന്‍സ് ചെയ്യാന്‍ ആവശ്യമെങ്കില്‍ മാത്രം ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. തുടര്‍ന്ന് അല്‍പം റവയും തേങ്ങയും വറുത്ത് വച്ചിട്ടുള്ള അണ്ടിപ്പരിപ്പും കിസ്‌മിസും ചേര്‍ത്ത് നന്നായി ഇളക്കി മിക്‌സ് ചെയ്യാം. മൂന്ന്, നാല് മിനിറ്റ് നന്നായി ഇളക്കി ഇതിലെ ശര്‍ക്കര പാനിയെല്ലാം വറ്റി വരുമ്പോള്‍ ഈ മിക്‌സ് വാഴയിലയില്‍ പരത്തുക. നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ആകൃതിയില്‍ പരത്താവുന്നതാണ്. വാഴയിലയില്‍ പരത്തിയ ഇത് ആവിയില്‍ വച്ച് വേവിച്ചെടുക്കാം. ഇതോടെ നല്ല മധുരമുള്ള പലഹാരം റെഡി.
Also Read |
- പ്രകൃതി ഭംഗി തുളുമ്പുന്ന ഒരിടം; തെളിനീരുറവയായ പുഴയിലെ നീരാട്ട്, യാത്ര നിലമ്പൂരിലേക്കായാലോ?
- ഗോതമ്പ് പൊടിയും തേങ്ങയുമുണ്ടോ? എണ്ണയൊട്ടും ചേര്‍ക്കാതെയൊരു അടിപൊളി പലഹാരം, തയ്യാറാക്കാം 5 മിനിറ്റില്‍
- ഇന്‍സുലിന്‍ ഇന്‍ഹേലര്‍ വരുന്നൂ... ഇത്തരം പ്രമേഹക്കാര്‍ക്ക് കുത്തിവയ്‌പ്പ് തന്നെ ശരണം, ആശ്വാസം ആര്‍ക്കൊക്കെ വിശദമായി അറിയാം