മീററ്റ്: ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍പ്പാതയ്ക്കായി 168 വര്‍ഷം പഴക്കമുള്ള മസ്‌ജിദ് സ്വമേധയാ പൊളിച്ച് നീക്കി മുസ്ലീം സമൂഹം മാതൃകയായി. ജില്ലാ ഭരണകൂടവും നാട്ടുകാരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് നടപടി. നിര്‍ദ്ദിഷ്‌ട അതിവേഗ റെയില്‍പ്പാത കടന്ന് പോകുന്ന ഇടത്തായിരുന്നു പള്ളി നിലനിന്നിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊതുമരാമത്ത് വകുപ്പിന്‍റെയും ദേശീയ തലസ്ഥാന മേഖല ഗതാഗത കോര്‍പ്പറേഷന്‍റെ(എന്‍സിആര്‍ടിസി)യും സംയുക്ത ചുമതലയിലുള്ളതാണ് നിര്‍ദ്ദിഷ്‌ട അതിവേഗ റെയില്‍പ്പാത. ഡല്‍ഹി-മീററ്റ് റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് വരുന്നത്. അതിവേഗ റെയില്‍പ്പാതയാകട്ടെ ഈ പാതയ്ക്ക് അടിയിലൂടെയാണ് കടന്ന് പോകുന്നത്. ഇവിടെയായിരുന്നു പള്ളിയും നിലനിന്നിരുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളി പൊളിച്ച് സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇരുവകുപ്പുകളും പള്ളിക്കമ്മിറ്റിയെ സമീപിച്ചുവെന്ന് ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.
മാനേജ്മെന്‍റില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ യാതൊരു എതിര്‍പ്പും ഉണ്ടായില്ല. പള്ളിക്കമ്മിറ്റിയുമായി ചര്‍ച്ച ചെയ്‌ത് നഷ്‌ടപരിഹാരം നിശ്ചയിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് പള്ളി പൊളിക്കല്‍ തുടങ്ങിയത്. എന്‍സിആര്‍ടിസിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. പ്രധാന മതിലും വാതിലും നാട്ടുകാര്‍ ഇന്നലെത്തന്നെ പൊളിച്ച് നീക്കി. പള്ളികമ്മിറ്റിയുടെ നല്ല സഹകരണമാണ് ഉണ്ടായത്. പള്ളി ഒരു ഇടുങ്ങിയ സ്ഥലത്താണ് നിലനിന്നിരുന്നത്. ഇത് മൂലം പകല്‍സമയത്ത് ഇവിടെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. 1857ല്‍ നിര്‍മിച്ച പള്ളിയാണിത്. പള്ളിക്കെതിരെ നിയമ നടപടിയുണ്ടായതോടെ ഹ്രസ്വകാലത്തേക്ക് 1981ല്‍ പള്ളി പൂട്ടിയിരുന്നു.
എന്നാല്‍ പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ പള്ളി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി പൊളിക്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിടും വരെ ഇത് പ്രവര്‍ത്തിച്ചിരുന്നു.
പള്ളി പൊളിക്കലും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമെല്ലാം നിറഞ്ഞ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കിടെ വികസന പ്രവര്‍ത്തനത്തിന്‍റെ പേരില്‍ സ്വമേധയാ പള്ളി വിട്ടു കൊടുത്ത പള്ളിക്കമ്മിറ്റിയുടെ നടപടി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരും അഭിനന്ദിക്കുന്നു. പള്ളി പൊളിക്കല്‍ വിവാദങ്ങള്‍ ഏറെ വന്ന ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതലാണ് സംസ്ഥാനത്ത് പള്ളി പൊളിക്കല്‍ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടത്. നിരവധി ജീവനുകളും ഇത്തരം സംഘര്‍ഷങ്ങളക്കിടെ കുരുതി കൊടുക്കേണ്ടി വന്നു.
Also Read: മസ്‌ജിദുകളിലെ സർവേ; ഹര്‍ജികളില്‍ നടപടി തുടരുന്നത് താത്കാലികമായി വിലക്കി സുപ്രീം കോടതി