ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇവിഎം) നിന്ന് ഒരു ഡാറ്റയും ഇല്ലാതാക്കുകയോ വീണ്ടും ലോഡുചെയ്യുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) സുപ്രീം കോടതി. ഇവിഎമ്മുകളുടെ നശിച്ച മെമ്മറിയും സിമ്പല്‍ ലോഡിങ് യൂണിറ്റുകളും (എസ്എൽയു) പരിശോധിക്കാൻ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ദീപങ്കർ ദത്ത ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇവിഎമ്മുകളുടെ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോക്ക് പോളുകൾ മാത്രമേ നടത്തുന്നുള്ളൂ എന്ന് എഡിആറിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയില്‍ പറഞ്ഞു. മെഷീനിൽ കൃത്രിമത്വം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ ആരെങ്കിലും ഇവിഎമ്മിന്റെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും പരിശോധിക്കണമെന്ന് തന്‍റെ കക്ഷി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 ഏപ്രിലിലെ വിധിന്യായം ഉദ്ധരിച്ച്, ഇവിഎമ്മുകളിലെ പോളിങ് ഡാറ്റ മായ്ക്കാനോ വീണ്ടും ലോഡുചെയ്യാനോ വിധിന്യായത്തിലെ നിർദേശങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇവിഎം പരിശോധിക്കാൻ മാത്രമാണ് ഉദ്ദേശിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. ഇവിഎം പരിശോധിച്ച്, കൃത്രിമം ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ എഞ്ചിനീയറെ സുപ്രീം കോടതി അനുകൂലിച്ചു.
ഇവിഎമ്മുകൾ പരിശോധിക്കുന്നതിനുള്ള അഭ്യർത്ഥനയില്‍ സ്വീകരിച്ച നടപടിക്രമത്തെക്കുറിച്ച് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പ്രതികരണം തേടി. ഡാറ്റ മായ്ച്ചുകളയുകയും വീണ്ടും ലോഡ് ചെയ്യുകയും ചെയ്തുവെന്ന ഹർജിക്കാരന്റെ വാദത്തിലും ബെഞ്ച് ഇസിഐയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മാർച്ച് മൂന്നാം വാരത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.
അതേസമയം, ഇവിഎമ്മിന്‍റെ പരിശോധനാ ചെലവ് നിലവിലുള്ള 40,000 രൂപയിൽ നിന്ന് കുറയ്ക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. ഈ ചെലവ് വളരെ കൂടുതലാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.