ന്യൂഡൽഹി: പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. ബില്ലിനെക്കുറിച്ചുള്ള വിശദമായ കൂടിയാലോചനകളിൽ സർക്കാർ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കൂടുതൽ പരിശോധനയ്ക്കായി ബില്‍ ഒരു സെലക്‌ട് കമ്മിറ്റിക്ക് അയയ്ക്കാൻ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് കേന്ദ്ര മന്ത്രിസഭ പുതിയ ആദായ നികുതി ബിൽ അംഗീകരിച്ചത്. ബിൽ പാർലമെന്‍ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ നേരത്തെ സൂചിപ്പിച്ചിരുന്നു. 2024 ജൂലൈ ബജറ്റിൽ, 1961 ലെ ആദായ നികുതി നിയമത്തിന്‍റെ സമഗ്രമായ അവലോകനം സർക്കാർ നിർദേശിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിയമത്തെ സംക്ഷിപ്‌തവും വ്യക്തവുമാക്കുക, തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. ഫെബ്രുവരി 1 ന് അവതരിപ്പിച്ച വാര്‍ഷിക ബജറ്റ് പ്രസംഗത്തിൽ ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമൻ പറഞ്ഞിരുന്നു.
'കഴിഞ്ഞ 10 വർഷത്തിനിടയിൽ, നികുതി ദായകരുടെ സൗകര്യാർത്ഥം നമ്മുടെ സർക്കാർ നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മുഖം നോക്കാതെയുള്ള മറുപടികള്‍, നികുതിദായകരുടെ ചാർട്ടർ, വേഗത്തിലുള്ള റിട്ടേണുകൾ, വിവാദ് സേ വിശ്വാസ് പദ്ധതി എന്നിവ അതില്‍ ഉൾപ്പെടുന്നു. അടുത്ത ആഴ്‌ച പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കാനും ഞാൻ നിർദേശിക്കുന്നു.'- ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.