ഹൈദരാബാദ്: ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരാണല്ലോ നമ്മളിൽ ഭൂരിഭാഗം പേരും. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയുംപോലെ ഇന്‍റർനെറ്റ് ഉപയോഗം വഴി ധാരാളം പ്രയോജനങ്ങളുണ്ടെങ്കിലും അത്രതന്നെ ദോഷങ്ങളുമുണ്ട്. ഇന്‍റർനെറ്റിന്‍റെയും സാങ്കേതികവിദ്യയുടെയും സുരക്ഷിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 11ന് സുരക്ഷിത ഇന്റർനെറ്റ് ദിനം (SID) ആചരിക്കുന്നു. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുന്നതിനും, ഇത്തരം തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാമെന്ന് യുവാക്കളെ അവബോധരാക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും ഇന്‍റർനെറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുവാക്കളാണ്. 2023ൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ 79 ശതമാനം പേരും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഈയിടെയായി കുട്ടികൾ മുമ്പത്തേക്കാളും അധികസമയം ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇന്‍റർനെറ്റിന്‍റെ അപകടസാധ്യത കൂടുതലുള്ളതും കുട്ടികൾക്ക് തന്നെയാണ്.
അപകട സാധ്യത കൂടുതൽ യുവാക്കൾക്ക്: ഇന്‍റർനെറ്റ് ഉപയോഗത്തിന്‍റെ പ്രധാന അപകടസാധ്യത സൈബർ ഭീഷണി തന്നെയാണ്. 30 രാജ്യങ്ങളിലെ മൂന്നിലൊന്ന് യുവാക്കളും സൈബർ ഭീഷണിക്ക് ഇരയാകുന്നുണ്ടെന്നും, ഇത് കാരണം അഞ്ചിൽ ഒരു വിദ്യാർത്ഥി സ്‌കൂൾ ഉപേക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പരാമർശിക്കുന്നു. ഇന്‍റർനെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ കുട്ടികളും യുവാക്കളും വിദ്വേഷ പ്രസംഗങ്ങളും അക്രമാസക്തമായ ഉള്ളടക്കങ്ങളും കാണാനും കേൾക്കാനും ഇടയാകുന്നുണ്ട്. ഇത്തരം വീഡിയോകളും മറ്റും പലപ്പോഴും കുട്ടികളിൽ അക്രമവാസന വളർത്തുന്നു. ഇത് ആത്മഹത്യയ്‌ക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിച്ചേക്കാം.
ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾ നേരിടുന്ന ഏറ്റവും ഭയാനകമായ സൈബർ ഭീഷണി ലൈംഗിക ചൂഷണവും ദുരുപയോഗവുമാണ്. യുഎൻ റിപ്പോർട്ട് അനുസരിച്ച്, 25 രാജ്യങ്ങളിലെ ഏകദേശം 80 ശതമാനം കുട്ടികളും ഓൺലൈനിൽ ലൈംഗിക ദുരുപയോഗത്തിനോ ചൂഷണത്തിനോ ഇരയാകുന്നുണ്ട്. മാർക്കറ്റിങ് ആവശ്യങ്ങൾക്കായി ടെക് കമ്പനികൾ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതും ചിലപ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്.
തട്ടിപ്പുകൾ ഏതെല്ലാം തരത്തിൽ: പലതരം ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. മെസേജുകൾ മുതൽ ഇ-മെയിലുകളിൽ വരെ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ തന്നെ തട്ടിപ്പുകൾ ഏതെല്ലാം തരത്തിൽ, ഏതെല്ലാം മാധ്യമങ്ങളിലൂടെ വരാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇമെയിലുകൾ, ടെക്സ്റ്റുകൾ, വെബ്‌സൈറ്റുകൾ എന്നിവ വഴിയുള്ള തട്ടിപ്പുകൾ: സർക്കാർ ഏജൻസികളോ സ്ഥാപനങ്ങളോ അയയ്ക്കുന്നതായി തോന്നിക്കുന്ന ഇമെയിലുകളോ, എസ്‌എംഎസുകളോ വഴി പലപ്പോഴും ആളുകൾ തട്ടിപ്പ് നടത്താറുണ്ട്, ആളുകളെ എളിപ്പത്തിൽ വിശ്വസിപ്പിക്കാവുന്ന മാർഗമായതിനാൽ തന്നെ തട്ടിപ്പ് സുഗമമായി നടക്കുന്നയിടം എന്നും പറയാം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നതോ അല്ലെങ്കിൽ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതോ ആകാം ഈ സന്ദേശങ്ങൾ. അതിനാൽ തന്നെ എല്ലായ്‌പ്പോഴും ഇത്തരം ഇ-മെയിലുകളുടെയും എസ്‌എംഎസുകളുടെയും ഉറവിടം പരിശോധിച്ച് ഉറപ്പാക്കുക. ഇമെയിൽ അല്ലെങ്കിൽ എസ്‌എംഎസ് വഴി സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാതെയിരിക്കുക.
സർക്കാർ വെബ്‌സൈറ്റുകൾക്ക് സമാനമായ വെബ്‌സൈറ്റ് നിർമിച്ചുള്ള തട്ടിപ്പുകൾ: സർക്കാർ വെബ്‌സൈറ്റുകളെ അനുകരിച്ച് നിർമിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടി നടത്തുന്ന തട്ടിപ്പുകളും ഉണ്ട്. ഇത്തരം വെബ്‌സൈറ്റുകളിൽ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനോ പണമടയ്ക്കുന്നതിനോ മുമ്പ് നിങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് വെബ്‌സൈറ്റുകൾ, സോഷ്യൽ നെറ്റ്‌വർക്കുകൾ, ചാറ്റ് റൂമുകൾ എന്നിവ ഉപയോഗിച്ചും തട്ടിപ്പ് നടക്കാനിടയുണ്ട്. വ്യക്തികളിൽ നിന്ന് വ്യക്തിഗത വിവരങ്ങളോ പണമോ നേടുന്നതിന് തട്ടിപ്പുകാർ ഇത് ഉപയോഗിച്ചേക്കാം. അതിനാർ തന്നെ അ
ഫാർമിങ്: നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നതിനായി വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നതിന് തട്ടിപ്പുകൾ മാലിഷ്യസ് കോഡുകൾ ഉപയോഗിക്കുന്നതാണ് ഫാർമിങ്. നിങ്ങളുടെ ഉപകരണത്തിലേക്ക് തട്ടിപ്പിനായി മാലിഷ്യസ് കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരന് ലഭ്യമാകും. അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുൻപ് വെബ്‌സൈറ്റിന്‍റെ യുആർഎൽ പരിശോധിച്ച് ഉറപ്പുവരുത്തുക.
ഫിഷിങ് ഇമെയിലുകൾ: വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്നാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ ഇമെയിലുകൾ തട്ടിപ്പുകാർ അയയ്ക്കുകയും വ്യക്തിഗത വിവരങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യും. ചിലപ്പോൾ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. അത്തരം ഇമെയിലുകൾക്ക് മറുപടി നൽകുന്നതിനുമുമ്പ് പരിശോധിക്കുക.
സൈബർ ഭീഷണി: ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചോ മറ്റോ ഒരാൾക്ക് നേരെ ഭീഷണി നടത്തുന്നതാണ് സൈബർ ഭീഷണി. സോഷ്യൽ മീഡിയ, മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ, ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ഫോണുകൾ എന്നിവ വഴി സൈബർ ഭീഷണി നേരിടാം. ഇത്തരം സംഭവങ്ങൾ നിങ്ങൾക്കുണ്ടായാൽ ഉടനടി അധികാരികളെ അറിയിക്കുക.
റാൻസംവെയർ തട്ടിപ്പുകൾ: നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങളെടുത്ത് ലോക്ക് ചെയ്യുകയോ എൻക്രിപ്റ്റ് ചെയ്യുകയോ ചെയ്‌ത ശേഷം അൺലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുന്നതാണ് ഇത്തരം തട്ടിപ്പുകൾ. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടനടി അധികാരികളെ അറിയിക്കുക.
സൈബർ ഭീഷണിയിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം:
- മാധ്യമ സാക്ഷരത: ഓൺലൈനിൽ ലഭ്യമാകുന്നതെല്ലാം ശരിയാകണമെന്നില്ല. ശരിയായ വിവരങ്ങളെയും തട്ടിപ്പുകളെയും തിരിച്ചറിയാൻ നിങ്ങൾക്കായാൽ ഒരു പരിധി വരെ തട്ടിപ്പുകളെ ചെറുത്തുനിൽക്കാനാകും.
- ശക്തമായ പാസ്‌വേഡുകൾ: സൈബർ സുരക്ഷ വർധിപ്പിക്കുന്നതിനായി നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾക്ക് ശക്തവും മറ്റാർക്കും എളുപ്പത്തിൽ ലഭിക്കാത്തതുമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുക. എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക.
- ഓൺലൈനിൽ ലഭ്യമാകുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പങ്കിടുക: ഓൺലൈനിൽ എന്തെങ്കിലും കണ്ടന്‍റുകൾക്ക് മറ്റാർക്കെങ്കിലും ഷെയർ ചെയ്യുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും മുൻപ് ശ്രദ്ധിക്കുക. തെറ്റായ കാര്യങ്ങൾ പങ്കിടാതിരിക്കാൻ ശ്രദ്ധിക്കുക.
- ഓൺലൈൻ സേഫ്‌റ്റി ആപ്പുകൾ: നിങ്ങളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും വിവിധ ഓൺലൈൻ സുരക്ഷാ ആപ്പുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കാം.
സുരക്ഷിത ഇന്റർനെറ്റ് ദിനം എന്തിന്: 2004ൽ യൂറോപ്യൻ യൂണിയൻ സേഫ്ബോർഡേഴ്‌സ് പദ്ധതിയുടെ ഭാഗമായാണ് സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. 2005ൽ ഇൻസേഫ് നെറ്റ്‌വർക്ക് ഇത് അംഗീകരിച്ചു. പിന്നീട് യൂറോപ്യൻ കമ്മീഷന്‍റെ പിന്തുണയോടെ ഇൻസേഫ് നെറ്റ്‌വർക്കാണ് സുരക്ഷിത ഇന്റർനെറ്റ് ദിനം സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 190 രാജ്യങ്ങളിലും വർഷങ്ങളായി ഈ ദിനം ആചരിച്ചുവരുന്നു. ഓൺലൈൻ തട്ടിപ്പുകളെ തിരിച്ചറിഞ്ഞ് തടയേണ്ടതിന്‍റെയും മറ്റുള്ളവരെ കൂടി ഇതിനെക്കുറിച്ച് അവബോധരാക്കേണ്ടതിന്‍റെയും പ്രാധാന്യം എടുത്തുകാണിക്കുക എന്നതാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.
ലക്ഷ്യം: ഇന്‍റർനെറ്റിന്‍റെയും സാങ്കേതികവിദ്യയുടെയും സുരക്ഷിത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നത്. പ്രത്യേകിച്ച് കുട്ടികൾക്കും കൗമാരക്കാർക്കും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഇന്‍റർനെറ്റ് ഒരു അവിഭാജ്യഘടകമാണ്. അതിനാൽ തന്നെ യുവാക്കൾക്ക് സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അറിവും വൈദഗ്ധ്യവും ഉറപ്പാക്കുകയാണ് വേണ്ടത്.
Also Read:
- ശാസ്ത്ര മേഖലയിലെ വനിതകൾക്കായി ഒരു ദിനം: അറിയാം... ഇന്ത്യൻ ശാസ്‌ത്ര ലോകത്ത് അറിയപ്പെടാതെ പോയ 'ഹീറോയിനു'കളെ
- വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക! നിങ്ങളറിയാതെ വിവരങ്ങൾ ചോർത്തും; ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തുന്നതായി ആരോപണം
- കൽപന ചൗള വിടവാങ്ങിയിട്ട് 22 വർഷം: പേടകം കത്തിയമർന്നത് ഭൂമിയിലെത്തുന്നതിന് വെറും 16 മിനിറ്റ് മുൻപ്; അന്ന് എന്ത് സംഭവിച്ചു?
- ടെക് ലോകത്തെ പിടിച്ചുകുലുക്കി ചൈനീസ് കമ്പനിയുടെ പുതിയ എഐ ചാറ്റ്‌ബോട്ട്: ഡീപ്‌സീക്കിനെ കുറിച്ച് വിശദമായറിയാം