പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു ചടങ്ങിനെത്തിയത്താണ് എറണാകുളം സ്വദേശി. കേസിൽ പിടിയിലായ പതിനാറുകാരൻ പെൺകുട്ടിയുടെ അയൽവാസിയായിരുന്നു.
പെൺകുട്ടി നടന്ന് വരുമ്പോൾ വായ പൊത്തിപ്പിടിച്ചുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. പെൺകുട്ടിയെ വീടിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലമായി പിടിച്ചുവച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പതിനാറുകാരനെ ജുവൈനൽ ഹോമിൽ ഹാജരാക്കി. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതികളെ അതിവേഗം പിടികൂടി നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.