തിരുവനന്തപുരം: സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. വേനൽകാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനുള്ള സാധ്യത കണക്കിലെടുത്താണ് ക്രമീകരണം. ലേബർ കമ്മിഷണർ സഫ്‌ന നസറുദീനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പകൽ 11 മുതൽ വൈകിട്ട് 3 വരെ വിശ്രമ സമയമാണെന്ന് ഉത്തരവില്‍ പറയുന്നു. സമുദ്ര നിരപ്പിൽ നിന്നും 3000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള മേഖലകളിൽ സൂര്യാഘാത്തിന് സാധ്യതയില്ലാത്തതിനാൽ മലയോര മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ല അടിസ്ഥാനത്തിൽ നിർമാണ മേഖലയിൽ പരിശോധനകൾ കർശനമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജില്ല ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസിസ്റ്റന്‍റ് ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി പിരിഞ്ഞ് പരിശോധന കർശനമാക്കണമെന്നും നിർദേശമുണ്ട്.
പ്രദേശികമായ അടിയന്തര സാഹചര്യത്തിൽ സമയ മാറ്റത്തിന് റീജിയണൽ ജോയിന്‍റ് ലേബർ ഓഫീസർമാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.