എറണാകുളം: നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി വിധി പറയാനായി മാറ്റി. ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നും സിബിഐ അന്വേഷണം മതിയെന്നുമാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം. വാദം കേള്‍ക്കാന്‍ കെ മഞ്ജുഷയും മക്കളും ഹൈക്കോടതിയിലെത്തിയിരുന്നു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ അപ്പീല്‍ ഹൈക്കോടതി നേരത്തെ വിധിപറയാന്‍ മാറ്റിയിരുന്നുവെങ്കിലും അഭിഭാഷകനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്നും സിബിഐ അന്വേഷണം മതിയെന്നും നവീൻ ബാബുവിൻ്റെ കുടുംബം ഇന്ന് കോടതിയിൽ ബോധിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുതിർന്ന അഭിഭാഷകൻ കെ റാം കുമാറായിരുന്നു നവീൻ ബാബുവിൻ്റെ കുടുംബത്തിനായി ഹൈക്കോടതിയിൽ ഇന്ന് ഹാജരായത്. അപ്പീൽ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്‌ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
വിഷയത്തില്‍ സിബിഐ അന്വേഷണത്തിൻ്റെ ആവശ്യം എന്തെന്ന് ഡിവിഷന്‍ ബെഞ്ച് അപ്പീൽ പരിഗണിക്കവെ ചോദിച്ചിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിൻ്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
വസ്‌തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിൻ്റെ വിധിയില്‍ പിഴവുകളുണ്ട്. ഭരണ കക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും അപ്പീലിൽ ആരോപണമുണ്ട്.