പാരിസ്: നിര്‍മ്മിത ബുദ്ധി രാഷ്‌ട്രീയത്തെയും സമ്പദ്ഘടനയെയും സുരക്ഷയെയും സമൂഹത്തെയും പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നൂറ്റാണ്ടിലെ മാനവരാശിയുടെ വിധി നിശ്ചയിക്കുന്നത് നിര്‍മ്മിത ബുദ്ധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാരിസീല്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം നിര്‍മ്മിത ബുദ്ധി കര്‍മ്മ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിര്‍മ്മിത ബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും ഇവയെ നിയന്ത്രിക്കുന്നതിനും മൂല്യങ്ങള്‍ പങ്കുവയ്ക്കുന്നതിനും പൊതുചട്ടക്കൂട് ഉണ്ടാക്കുന്നതിനും ആഗോളതലത്തില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ നിര്‍മ്മിത ബുദ്ധി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്ഷ്‌പക്ഷമായ വിവര ശേഖരം ഇതിനായി നിര്‍മ്മിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മോദി ചൂണ്ടിക്കാട്ടി. ഇതിലൂടെ തുറന്ന ഉറവിട സംവിധാനവും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികത വന്നാല്‍ തൊഴില്‍ നഷ്‌ടമാകുമെന്ന ഭീതി അസ്ഥാനത്താണ്. മുന്‍കാല അനുഭവങ്ങള്‍ അത് തന്നെയാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ജോലിയുടെ സ്വഭാവത്തില്‍ മാറ്റം വരുകയും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. നിര്‍മ്മിത ബുദ്ധിയിലധിഷ്‌ഠിതമായ ഭാവിക്ക് വേണ്ടി നമ്മുടെ ആളുകള്‍ക്ക് നൈപുണ്യ പരിശീലനത്തിനും അവരെ പുനര്‍ നൈപുണ്യമുള്ളവരാക്കാനും കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിര്‍മ്മിത ബുദ്ധി ഭാവിയുടെ നേട്ടം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഇന്ത്യയുടെ പരിചയവും വൈദഗ്ദ്ധ്യവും എല്ലാവര്‍ക്കുമായി പങ്കിടാന്‍ തയാറാണെന്നും ഈ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
വിവര സ്വകാര്യതയുടെ നിയമപരിരക്ഷയ്ക്ക് വേണ്ടി ഇന്ത്യ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യ ബഹുദൂരം മുന്നിലാണ്. പൊതുജന നന്മയ്ക്ക് വേണ്ടിയും നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുന്നു.
നാം നിര്‍മ്മിത ബുദ്ധിയുടെ പുലരിയിലാണ്. മാനവരാശിയുടെ ഗതിയെ ഇത് സമ്പുഷ്‌ടമാക്കും. ചിലര്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള യന്ത്രങ്ങള്‍ വരുന്നതില്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ആരും നമ്മുടെ കൂട്ടായ ഭാവിയെക്കുറിച്ചോ മാനവരാശിയുടെ വരും കാലത്തെക്കുറിച്ചോ ആശയങ്ങള്‍ പങ്കിടുന്നില്ല. ഉത്തരവാദിത്ത ബോധം നമ്മെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു ഉച്ചകോടിക്ക് ആതിഥ്യമരുളിയതില്‍ പ്രസിഡന്‍റ് മാക്രോണിനെ അഭിനന്ദിക്കാനും മോദി മടിച്ചില്ല. ഒപ്പം തന്നെ ഇതിന്‍റെ അധ്യക്ഷപദം പങ്കിടാന്‍ ക്ഷണിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു.
Also Read: ഫ്രാൻസിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം; ഉച്ചകോടിയില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കും