എറണാകുളം: ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച് യുവാവ്. തൊട്ടടുത്ത കടയിൽ ഓടിക്കയറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. പ്രണയത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ഫെബ്രുവരി 11) രാവിലെയാണ് സംഭവം. ആലുവ യുസി കോളജിന് സമീപത്ത് ചൂണ്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. യുവതിയുമായി സംസാരിച്ചിരിക്കെ യുവാവ് കൈയിൽ കരുതിയ പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് യുവാവ് ആക്രമണം നടത്തിയത്.
തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ കുതറി മാറിയ യുവതി തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മുപ്പത്തടം സ്വദേശിയാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവാവുമായുള്ള പ്രണയത്തില്‍ നിന്നും യുവതി പിന്മാറാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. താനുമായി ഇനി യാതൊരു ബന്ധത്തിനും ശ്രമിക്കരുതെന്ന് യുവതി നിലപാടെടുത്തതോടെയാണ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമമുണ്ടായതെന്നാണ് സൂചന. സംഭവത്തിൽ പരാതി ലഭിച്ചില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്തു. ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Also Read: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു; പൊലീസിൽ പരാതി നൽകി പിതാവ്