ഹരിയാന: പഞ്ചാബിലെ തരൺ താരൺ ജില്ലയിൽ ഐപിഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് നടന്ന സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സിമ്രാൻജിത് കൗർ എന്ന സ്‌ത്രീയെയാണ് ബിഖിവിൻഡ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പ്രദേശത്തെ ഒരു ധര്‍ണയില്‍ യൂണിഫോം ധരിച്ച് നില്‍ക്കുന്നതിനിടെയാണ് സിമ്രാന്‍ജിത് കൗര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ചോദിച്ചപ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല.
പൊലീസ് ഉദ്യോഗസ്ഥയായി വേഷംമാറിയതിനും അനുമതിയില്ലാതെ യൂണിഫോം ധരിച്ച് ചട്ടങ്ങൾ ലംഘിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബിഖിവിൻഡ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ ഓഫ് പൊലീസ് (എഎസ്ഐ) പ്രതാപ് സിങ് പറഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേരത്തെ, ഇതേ ജില്ലയിലെ ഖൽറ ഗ്രാമത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരായി വേഷംകെട്ടിയ രണ്ട് പേരെ തോക്കുകളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുർവീന്ദർ സിങ് എന്ന ഫൗജി, ഹർവീന്ദർ സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികള്‍ മോഷ്‌ടിച്ച സ്വിഫ്റ്റ് കാർ, 32 ബോർ പിസ്റ്റൾ, റിവോൾവർ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണ് എന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ അവകാശപ്പെട്ടത്. എന്നാല്‍ സാധുവായ തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പഞ്ചാബ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്റ്റം (PAIS) ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പ്രതികളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചത്. പരിശോധനയില്‍ ഇവരുടെ വാദം കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (NDPS), കൊലപാതകം തുടങ്ങി നിരവധി ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഗുർവീന്ദർ സിങ്. ഇരുവരെയും ഏഴ് ദിവസം റിമാൻഡ് ചെയ്‌തിരിക്കുകയാണ്.