വാഷിങ്ടൺ :തോക്ക് പോലുള്ള ആയുധങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളുടെ പോളിസികളിൽ മാറ്റം വരുത്താനൊരുങ്ങി ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളിലേക്ക് അപകടകരമായ യൂട്യൂബ് കണ്ടന്‍റുകൾ എത്തുന്നത് തടയാനാണ് പുതിയ നടപടി. തോക്കുമായി ബന്ധപ്പെട്ട അത്തരം വീഡിയോകൾ നിരോധിക്കുമെന്നും യൂട്യൂബ് അറിയിച്ചു. കൂടാതെ, വീടുകളിൽ നിർമിച്ച തോക്കുകൾ, ഓട്ടോമാറ്റിക് ആയുധങ്ങൾ, സൈലൻസറുകൾ പോലുള്ള തോക്കുകളുടെ ആക്‌സസറികൾ എന്നിവ കാണിക്കുന്ന വീഡിയോകൾ 18 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്കുമായി പരിമിതപ്പെടുത്തും. ജൂൺ 18 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അറിയിച്ചു.
യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത തോക്കുമായി ബന്ധപ്പെട്ട വീഡിയോകൾ കുട്ടികൾക്കിടയിൽ അക്രമ സാധ്യത വർധിപ്പിക്കാമെന്നും ഇത് തടയാൻ കൂടുതൽ സുരക്ഷാനടപടികൾ വേണമെന്നും തോക്ക് സുരക്ഷ ഉദ്യോഗസ്ഥർ യൂട്യൂബിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. അമേരിക്കയിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മരണത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തോക്കുപയോഗമാണ്. അതിനാൽ തന്നെ ഈ മാറ്റം സ്വാഗതാർഹമാണെന്നും പുതുതലമുറയെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ചുവടുവയ്‌പ്പാണെന്നും ടെക് ട്രാൻസ്‌പരൻസി പ്രോജക്‌ട് ഡയറക്‌ടർ കാറ്റി പോൾ പറഞ്ഞു.