ഹൈദരാബാദ്: പേര് മാറ്റവുമായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ‘സൊമാറ്റോ ലിമിറ്റഡ്’ എന്ന പേരിൽ നിന്ന് ‘എറ്റേണൽ ലിമിറ്റഡ്’ എന്ന പുതിയ പേരിലേക്ക് മാറുകയാണ് കമ്പനി. ഇതിനായി സൊമാറ്റോയുടെ ഡയറക്‌ടർ ബോർഡ് അംഗീകാരം നൽകി. ഇന്ന്(ഫെബ്രുവരി 6) നടന്ന റെഗുലേറ്ററി ഫയലിങിലാണ് പേര് മാറ്റത്തിന് അംഗീകാരമായത്. അതേസമയം കമ്പനിയുടെ പേര് മാറ്റത്തിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഔപചാരികമായി മാറ്റുന്നതിന് ഓഹരി ഉടമകളുടെ അനുമതി കൂടെ ആവശ്യമാണ്.
ഈ പേര് മാറ്റത്തെ പിന്തുണയ്ക്കാൻ ഓഹരി ഉടമകളോട് സൊമാറ്റോ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഔപചാരികമായി സൊമാറ്റോയുടെ കോർപറേറ്റ് വെബ്‌സൈറ്റായ zomato.com പുതിയ പേരിലേക്ക് മാറും. eternal.com എന്നായിരിക്കും വെബ്‌സൈറ്റ് പിന്നീട് അറിയപ്പെടുക. അതേസമയം സൊമാറ്റോയുടെ വെബ്‌സൈറ്റിന് മാത്രമാണ് പേരുമാറ്റം വരുക. ഫുഡ് ഡെലിവറി ആപ്പിന്‍റെ പേരിന് മാറ്റങ്ങളൊന്നുമുണ്ടാകില്ല.
പേര് മാറുന്നതോടെ സൊമാറ്റോയ്‌ക്ക് കീഴിലുള്ള സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യുവർ എന്നീ നാല് പ്രധാന ബിസിനസുകൾ എറ്റേണൽ വെബ്‌സൈറ്റിന് കീഴിൽ വരുമെന്നാണ് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ പറയുന്നത്.
പേര് മാറ്റത്തിന് പിന്നിലെന്ത്?
ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് സൊമാറ്റോ ഏറ്റെടുത്തതിന് ശേഷം കമ്പനിയ്‌ക്കുള്ളിൽ തന്നെ ഈ പേര് നൽകിയിരുന്നു. ഇപ്പോൾ അംഗീകാരം ലഭിച്ചതോടെ പേരുമാറ്റം പരസ്യമാക്കിയിരിക്കുകയാണ്. കമ്പനിയെയും ബ്രാൻഡിനെയും ആപ്പിനെയും തമ്മിൽ വേർതിരിച്ചറിയാനാണ് എറ്റേണൽ എന്ന പേരിട്ടതെന്നാണ് സിഇഒ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ നൽകുന്ന വിശദീകരണം. ഇത് കമ്പനിയുടെ ഭാവിക്ക് നല്ലതായിരിക്കുമെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.
Also Read:
- സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി സുനിത വില്യംസ് പസഫിക് സമുദ്രത്തിന് മുകളിൽ നിന്നെടുത്ത സെൽഫി
- ടിക്കറ്റ് ബുക്ക് ചെയ്യാം, ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം: എല്ലാ റെയിൽവേ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; വിശദമായി അറിയാം
- കൽപന ചൗള വിടവാങ്ങിയിട്ട് 22 വർഷം: പേടകം കത്തിയമർന്നത് ഭൂമിയിലെത്തുന്നതിന് വെറും 16 മിനിറ്റ് മുൻപ്; അന്ന് എന്ത് സംഭവിച്ചു?