കൊല്ലം: കിഫ്ബിയുമായി ബന്ധപ്പെട്ട തീവെട്ടിക്കൊള്ള വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബിയിൽ അന്വേഷണം നടത്തുമെന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
യുഡിഎഫ് കൊണ്ട് വന്ന മെഗാ പ്രോജക്‌ട് ഡെവലപ്മെൻ്റ് ഫണ്ടാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് കിഫ്ബിയാക്കി മാറ്റിയത്. കിഫ്ബിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത യുഡിഎഫ് അധികാരത്തിൽ വന്നാൽ ആ സർക്കാരിൻ്റെ തലയിൽ കെട്ടി വയ്ക്കാനായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ശ്രമിച്ചിരുന്നതെന്നും പക്ഷേ രണ്ടാം തവണയും എൽഡിഎഫ് അധികാരത്തിൽ വന്നതിലൂടെ പദ്ധതികൾ പാളുകയായിരുന്നു. അത് ഇപ്പോഴത്തെ ധനമന്ത്രി ബാലഗോപാലിന് വിനയായി മാറിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ആർഎസ്‌പി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സമരത്തിന് എൻകെ പ്രേമചന്ദ്രൻ നേതൃത്വം നൽകും. യുഡിഎഫിൻ്റെ നേതൃത്വത്തിലാകും പ്രക്ഷോഭം നടക്കുക. കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മൗനമാണ്.
കടൽ മണൽ ഖനനത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേന്ദ്ര സർക്കാരിൻ്റെ പ്രചാരണ പരിപാടിയിൽ സംസ്ഥാന സർക്കാർ പ്രതിനിധി പങ്കെടുത്തു. മത്സ്യബന്ധനത്തിന് ദോഷമില്ലാത്ത രീതിയിൽ കടൽ മണൽ ഖനനം നടത്താമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ പ്രതിനിധി മുഹമ്മദ് ഹനീഷ് സ്വീകരിച്ചത്.
അദാനിയും - മോദിയും തമ്മിലുള്ള ബന്ധത്തിന് പിണറായിയും ഒപ്പം. കരിമണലുള്ള കൊല്ലത്തെ തീരപ്രദേശങ്ങളിൽ ആദ്യം ഖനനം നടക്കുന്നതിൽ ദുരൂഹതയുണ്ട്. കടൽ മണൽ ഖനനത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം. കൊല്ലത്ത് കടൽ മണൽ ഖനനം ചെയ്യാൻ അനുവദിക്കില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
Also Read: കിഫ്ബി ടോള്‍ പിരിക്കാന്‍ പദ്ധതിയിടുന്ന നിങ്ങളുടെ ജില്ലയിലെ റോഡുകള്‍ അറിയാം