ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് ഓഖ്‌ല മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എഎപി നേതാവ് അമാനത്തുള്ള ഖാന്‍. തന്‍റെ പാര്‍ട്ടിയെ ഇത്രയും തകര്‍ത്തത് കോണ്‍ഗ്രസും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തെഹാദ് ഉല്‍ മുസ്ലീമീനും (എഐഎംഐഎം) ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇരുകക്ഷികളും അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയല്ല മത്സരിച്ചത്, മറിച്ച് എഎപിയെ തോല്‍പ്പിക്കാനായിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ ശക്തി മുഴുവന്‍ എഎപിയെ പരാജയപ്പെടുത്താനായി ഉപയോഗിച്ചു. ബിജെപിക്ക് കോണ്‍ഗ്രസില്‍ നിന്ന് സഹായം കിട്ടി. എഎപിയുടെ പരാജയത്തില്‍ ഇരുകക്ഷികള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഇനി ഭരണത്തിലാണ് ശ്രദ്ധിക്കേണ്ടത്. യാതൊരു വിവേചനവുമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും വിജയത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി ഖാന്‍ പറഞ്ഞു. ബിജെപി ഇപ്പോള്‍ വിജയിച്ചിരിക്കുന്നു. ഇനി അവര്‍ നല്ല സമീപനമാണ് പുലര്‍ത്തേണ്ടത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിക്കുകാര്‍ക്കും ക്രൈസ്‌തവര്‍ക്കും ദളിതുകള്‍ക്കുമായി പ്രവര്‍ത്തിക്കണം.
പ്രത്യേക നയങ്ങളില്ലാതെ തന്നെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍, ജനക്‌പുരയില്‍ മനീഷ് സിസോദിയ, ഗ്രേറ്റര്‍ കൈലാഷില്‍ സൗരഭ് ഭരദ്വാജ്, ഷകൂര്‍ ബസ്‌തിയില്‍ സത്യേന്ദര്‍ ജയിന്‍ തുടങ്ങിയവരടക്കം പല പ്രമുഖരെയും പരാജയപ്പെടുത്തി.
മുഖ്യമന്ത്രി അതിഷി മാത്രമാണ് എഎപിക്ക് ആശ്വാസ ജയമായത്. ബിജെപിയുടെ രമേഷ് ബിധുരിയെ 3500 വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. ബിജെപി ചരിത്രപരമായ 48 സീറ്റുകള്‍ സ്വന്തമാക്കി 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുകയാണ്.
എഎപി 22 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് തുടര്‍ച്ചയായ മൂന്നാം തവണയും ഒരൊറ്റ സീറ്റുപോലും നേടാനായില്ല. മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം നേടിയ വമ്പന്‍ വിജയത്തിനും ഹരിയാനയിലെ വിജയത്തിനും പിന്നാലെ മാസങ്ങള്‍ക്കിപ്പുറമാണ് ഡല്‍ഹിയിലെ വിജയമെന്നതും ശ്രദ്ധേയമാണ്. ഇതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ ബിജെപി തങ്ങളുടെ ആധിപത്യം അരക്കെട്ടുറപ്പിക്കുകയാണ്.
ദേശീയതലസ്ഥാനത്ത് തിരിച്ച് വരവിന് കോണ്‍ഗ്രസ് കൊണ്ടു പിടിച്ച് ശ്രമിച്ചെങ്കിലും ഒരൊറ്റ സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസിന് പരാജയം സമ്മതിക്കേണ്ടി വന്നു. 1998 മുതല്‍ തുടര്‍ച്ചയായി പതിനഞ്ച് കൊല്ലം ഭരിച്ച കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂജ്യത്തില്‍ ഹാട്രിക് ഏറ്റുവാങ്ങേണ്ടി വന്നു. ഈ മാസം അഞ്ചിന് നടന്ന വോട്ടെടുപ്പിന്‍റെ ഫലം ഇന്നലെയാണ് പുറത്ത് വന്നത്.
Also Read: ഡല്‍ഹിയിലെ വോട്ടിങ്ങില്‍ ചരിത്രമാറ്റം; പല മേഖലകളിലും വൻ അട്ടിമറി, 2020ലും 2025ലും സംഭവിച്ചത് എന്ത്?