കോഴിക്കോട്: പൂവിനുള്ളിൽ പൂവിരിയും പൂക്കാലം വന്നൂ.. എന്നൊരു ഗാനമുണ്ട്, താരാട്ട് എന്ന ചിത്രത്തിന് വേണ്ടി മധു ആലപ്പുഴ എഴുതിയതാണ്. എന്നാൽ പുൽപ്പളളിയിലെ ഡോക്‌ടർ കെപി ലൂക്കോസിൻ്റെ വീട്ടിലെത്തിയാൽ ആ പാട്ട് ചെറുതായിട്ടൊന്ന് മാറ്റാം. മാവിനുള്ളിൽ മാവ് വളരും മാമ്പഴക്കാലം വന്നു. ഒരു മാവിൽ അസാധാരണമായി മറ്റ് മാവുകളെ ഒട്ടിച്ച് ചേർത്ത് വൃക്ഷങ്ങളായി വികസിപ്പിക്കുകയാണ് ഹോമിയോ ഡോക്‌ടർ കൂടിയായ കെപി ലൂക്കോസ് എന്ന ഗ്രാഫ്റ്റ്മാൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാംണ്ടേക്ക് മയി, അടയ്ക്കാമണി, നീലം, എച്ച് 151, കോട്ടൂർ കാണം, ചക്കരക്കുട്ടി, ചന്ദ്രക്കാരൻ, ജഹാംഗീർ, കല്ലുകെട്ടി, വർഷത്തിൽ മൂന്ന് തവണ കായ്ക്കുന്ന കാറ്റിമോണ്‍, നമ്പ്യാർ, റാണി പസന്ത്, ഹിമപസന്ത് തുടങ്ങി തൊടിയിൽ നിറയെ മാവുകള്‍. എല്ലാം ഗ്രാഫ്റ്റ് ചെയ്യപ്പെട്ടവ. ഒരു വൃക്ഷത്തെ ഫലം തരാത്ത ഒന്നായി അവഗണിക്കപ്പെടുന്ന അവസ്ഥയിൽ നിന്നും വ്യത്യസ്‌തങ്ങളായ ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൃക്ഷങ്ങളാക്കി മാറ്റുന്ന ശാസ്ത്രീയ രീതിയാണ് ഗ്രാഫ്റ്റിങ്.
വൈവിധ്യത്തെ മാതൃമര ചുവടില്‍ ചേർത്തുവച്ച് വികസിപ്പിച്ചെടുക്കുന്ന രീതിയാണിത്. എന്നാൽ അതൊരു പാഷനായി, തൻ്റെ സ്നേഹവും ഇഷ്‌ടവും ചേർത്തുവച്ച് ഒട്ടിച്ച്, ചെറുനാമ്പുകൾ മുളയെടുക്കുന്നത് നോക്കി കാത്തിരിക്കുന്ന പ്രതീക്ഷയുടെ പേരാണ് ഡോ. ലൂക്കോസ്. ഇരുപതോളം വ്യത്യസ്‌ത ഇനങ്ങളായ മാവുകൾ ഡോക്‌ടറുടെ കൃഷിയിടത്തിൽ വളർന്ന് നിൽക്കുന്നുണ്ട്. കൂട്ടിച്ചേർക്കലിന് വേണ്ടി എത്ര സമയം വേണമെങ്കിലും ഇദ്ദേഹം ചെലവഴിക്കും. ഗ്രാഫ്റ്റിങ് ഇത്രയും പാഷനായെടുത്ത ഒരാളെ അപൂർവമായേ കണ്ടെത്താനാവൂ.
പുൽപ്പളളി ടൗണിനടുത്ത് ചേടാറ്റിന്‍ കാവിനരികിലാണ് ലൂക്കോസ് താമസിക്കുന്നത്. ടൗണിൽ വർഷങ്ങളായി ഹോമിയോ ക്ലിനിക്ക് നടത്തിവരികയാണ് ഈ മാവുകളുടെ സംരക്ഷകൻ. ലൂക്കോസിന്‍റെ മുറ്റത്തോട് ചേർന്ന് നിൽക്കുന്ന നാടൻ മാവിൽ പതിനഞ്ചിൽപ്പരം മാവുകളെ ഗ്രാഫ്റ്റ് ചെയ്‌ത് വളർത്തിയിരിക്കുകയാണ്. ചന്ദ്രക്കാരൻ, എളൂർ, സിന്ദൂർ, പയറി, ചക്കരക്കുട്ടി, അൽഫോൺസ, ജഹാംഗീർ, ബങ്കനപ്പള്ളി, കോട്ടപ്പറമ്പൻ, നമ്പ്യാർ മാവ് എന്നിവയൊക്കെയാണ് ഇവയിലുളളത്. പലതും പൂവിരിഞ്ഞ് തുടങ്ങി.
വിവിധ പ്രദേശങ്ങളിലെ കർഷകരുടെ അടുത്ത് പോയാണ് മികച്ചയിനം മാവുകളെ ലൂക്കോസ് തെരെഞ്ഞടുക്കുന്നത്. മണ്ണിൽ ചെയ്യുന്ന അതേ രീതിയിൽ ടെറസിൽ വാട്ടർ ടാങ്കുകൾ മുറിച്ച്, മണ്ണും വളവും നിറച്ച് മാവുകളെ വളർത്തി സംരക്ഷിക്കുന്നുണ്ട് ലൂക്കോസ്. വന്നു ചേർന്ന് കൊണ്ടിരിക്കുന്ന മാമ്പഴക്കാലത്തിന് അതി മധുരത്തിൻ്റെ വൈവിധ്യം പകരുകയാണ് ലൂക്കോസിൻ്റെ മാവുകൾ.
Also Read: കാന്താരി മുളക് ഇങ്ങനെയൊന്ന് നട്ടു നോക്കൂ.... ഇനി തഴച്ചു വളരും, വീട്ടില്‍ തന്നെ കൃഷി ചെയ്യാം