പത്തനംതിട്ട: വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിൻ്റെ പിടിയിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്‌ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം ഇയാള്‍ വിവാഹാഭ്യർഥന നടത്തുകയാണ് പതിവ്.
കെണിയിൽ വീഴുന്ന യുവതികളോടൊപ്പം വിവാഹം കഴിച്ച് താമസിച്ച ശേഷം പൊന്നും പണവുമായി മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പറ്റിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 വർഷം മുൻപ് കല്യാണം കഴിച്ചിരുന്നു. ഇവിടെ മുതലാണ് ഇയാള്‍ തട്ടിപ്പ് ആരംഭിച്ചത്. 2022 മാർച്ചിലാണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്.
ഇങ്ങനെ വിവാഹം കഴിച്ച ശേഷം കുറച്ച് നാള്‍ ഒരുമിച്ച് താമസിച്ച ശേഷം സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നുകളയും. പല ബന്ധങ്ങളിലായി ദീപു ഫിലിപ്പിന് കുട്ടികളുമുണ്ട്. അടുത്ത ഇരയെ കിട്ടുമ്പോള്‍ നിലവിലുള്ളവരെ ഉപേക്ഷിക്കുന്നതാണ് രീതി. ഇപ്പോൾ വിവാഹം കഴിച്ച് ഒപ്പം കഴിഞ്ഞുവന്ന യുവതിക്ക് ഇയാളിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പിൻ്റെ കഥകൾ പുറത്തായത്. ദീപുവിൻ്റെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പ് വീരൻ്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്.
ആദ്യവിവാഹത്തിലെ യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം വീണ്ടും സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്‌ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്‌തു. തുടർന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്ത്രശാലിയായ ദീപു, പരിചയപ്പെടുന്ന സ്‌ത്രീകളോടെല്ലാം തുടക്കത്തിൽ പറയുക താൻ അനാഥൻ ആണ് എന്നാണ്. വിവാഹം കഴിച്ചാൽ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിൻ്റെ വേദന മാറുകയും ചെയ്യും എന്ന് വൈകാരികമായി പറഞ്ഞു വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തുകയും ചെയ്യും. തുടർന്ന് ഒരുമിച്ചു ജീവിക്കും. അടുത്ത ഇരയെ കിട്ടുമ്പോള്‍ അവിടന്നും മുങ്ങും. ഇത്തരത്തിലായിരുന്നു മുമ്പ് മൂന്ന് സ്‌ത്രീകളെയും ഇയാൾ ചതിച്ചത്.
ഇയാൾക്ക് മുൻപ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ യുവതിയോടുള്ള താല്പര്യം കുറഞ്ഞതായി തോന്നി. തുടർന്ന് ഇവരെ ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി കോന്നി പൊലീസിനെ സമീപിച്ചത്. ശനിയാഴ്‌ച കോന്നി പൊലീസിൽ കൊടുത്ത പരാതി പ്രകാരം, കേസ് രജിസ്റ്റർ ചെയ്‌ത് പ്രാഥമിക നടപടികൾക്ക് ശേഷം, പ്രതിയെ പത്തനംതിട്ട ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം തെളിവുകൾ ശേഖരിച്ച പൊലീസ്, ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസർഗോഡ്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് പ്രതി ബലാൽസംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ വിവാഹത്തട്ടിപ്പുവീരനെ കോന്നി പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി - SON KILLS MOTHERS BOY FRIEND