ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ ജ്യൂസ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയെല്ലാം കറ്റാർവാഴ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊർജ്ജം നൽകാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഫലപ്രദമാണ്. ആന്‍റി മൈക്രോബിയൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളുള്ളതിനാൽ കറ്റാർവാഴ ജ്യൂസ് വായയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് ഉപകരിക്കും. പതിവായി രാവിലെ വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ദഹനാരോഗ്യം
കറ്റാർവാഴ ജ്യൂസിൽ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോം, അൾസർ തുടങ്ങിയ അവസ്ഥകൾ പരിഹരിക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന് 2013 ൽ ജേണൽ ഓഫ് റിസർച്ച് ഇൻ മെഡിക്കൽ സയൻസസിൽ (2013) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും ഇതിലൂടെ ദഹനാരോഗ്യത്തെ പിന്തുണയ്ക്കാനും കറ്റാർ വാഴ ജ്യൂസ് ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും വയർ വീർക്കുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും കറ്റാർവാഴ ജ്യൂസ് ഉപകരിക്കും.
ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ
ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ള പോളിസാക്രറൈഡുകൾ, ഫ്ലേവനോയ്‌ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ കറ്റാർ വാഴ ജ്യൂസിൽ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ (2009) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ആർത്രൈറ്റിസ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനും മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും കറ്റാർ വാഴ ജ്യൂസ് സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന് 2008 ൽ ജേണൽ ഓഫ് ക്ലിനിക്കൽ ഫാർമസി ആൻഡ് തെറാപ്യൂട്ടിക്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
കൊളസ്ട്രോൾ കുറയ്ക്കാൻ
ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളിന്‍റെ അളവും രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവും കുറയ്ക്കാൻ കറ്റാർ വാഴ ജ്യൂസ് സഹായിക്കുമെന്ന് ലിപിഡ്‌സ് ഇൻ ഹെൽത്ത് ആൻഡ് ഡിസീസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പതിവായി കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താൻ സഹായിക്കും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ചർമ്മ ആരോഗ്യം
ചർമ്മ സംരക്ഷണത്തിന് സാധാരണ ഉപയോഗിച്ച് വരുന്നത് ഒന്നാണ് കറ്റാർവാഴ. ചർമ്മത്തിലെ ജലാംശം നിലനിർത്താനും മുറിവ് ഉണ്ടാക്കാനും ഇത് സഹായിക്കുമെന്ന് ജേണൽ ഓഫ് എത്ത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടികാട്ടുന്നു. കട്ടവർവാഴ ജ്യൂസ് കുടിക്കുന്നത് മുഖക്കുരു, എക്‌സിമ, സോറിയാസിസ് പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഗുണം ചെയ്യും. ചർമ്മത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.
വിഷവിമുക്തമാക്കാൻ
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള കഴിവ് കറ്റാർവാഴ ജ്യൂസിനുണ്ട്. ദഹനനാളത്തിന്‍റെ ചലനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ ഇല്ലാതാക്കാനും കറ്റാർവാഴ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ (2004) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു. കരളിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും കറ്റാർവാഴ ജ്യൂസ് ഉപകരിക്കും.
ജലാംശം നിലനിർത്താൻ
ജലാംശം, ഇലക്ട്രോലൈറ്റുകൾ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് കറ്റാർ വാഴ ജ്യൂസ്. അതിനാൽ പതിവായി കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയും കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ജലാംശം, ഇലക്ട്രോലൈറ്റ് എന്നിവ സന്തുലിതമായി നിലനിർത്താനും ഗുണം ചെയ്യും.
കരളിന്‍റെ ആരോഗ്യം
കരളിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാൻ കറ്റാർവാഴ സഹായിക്കും. വിഷവസ്‌തുക്കൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ കറ്റാർ വാഴ സത്ത് ഗുണം ചെയ്യുമെന്ന് ഫുഡ് ആൻഡ് കെമിക്കൽ ടോക്‌സിക്കോളജിയിൽ (2012) പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. കരളിലെ വിഷാംശം നീക്കം ചെയ്യാനുള്ള പ്രക്രിയയെ പിന്തണയ്ക്കാനും കരളിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഗുണകരാമാണ്.
കറ്റാർവാഴ ജ്യൂസ് തയ്യാറാക്കുന്ന വിധം :
കറ്റാർവാഴയുടെ തണ്ട് മുറിച്ചെടുത്ത് തൊലി കളയുക. ശേഷം ഒരു മിക്‌സി ജാറിലേക്ക് കറ്റാർവാഴ ജെല്ലും രണ്ട് കഷ്‌ണം ഇഞ്ചി, അര ടീസ്‌പൂൺ ചെറുനാരങ്ങ നീര്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കാം. ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്തതിന് ശേഷം തേൻ ചേർത്ത് കുടിക്കാം. പഞ്ചസാര ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഒടുക്കത്തെ ക്ഷീണമാണോ ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സൂപ്പർ ഡ്രിങ്ക്സ്