ഹൈദരാബാദ്: കഴിഞ്ഞ എട്ട് മാസത്തോളമായി ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസെടുത്ത ഒരു സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 2025 ജനുവരി 30ന് ബഹിരാകാശ നിലയത്തിന് പുറത്ത് സ്‌പേസ് വാക്ക് നടത്തുന്നതിനിടെ പകർത്തിയ സെൽഫിയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായി ബഹിരാകാശ നിലയത്തിന് പുറത്ത് നടക്കവെയാണ് ചിത്രം പകർത്തിയത്.
സുനിത വില്യംസിനൊപ്പം സഹസഞ്ചാരിയായ ബുച്ച് വിൽമോറും ഉണ്ടായിരുന്നു. സുനിത വില്യംസിന്‍റെ ഒമ്പതാമത്തെ ബഹിരാകാശ നടത്തത്തിനിടെയാണ് ചിത്രങ്ങൾ പകർത്തിയത്. ബഹിരാകാശ നിലയത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായും ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന് പഠനം നടത്താനുമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തിറങ്ങുന്നത്.
![Sunita Williams NASA സുനിത വില്യംസ് നാസ](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23487061_sunita-williams.jpg)
റെക്കോർഡിട്ട് സുനിത വില്യംസ്: സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലെത്തി 7 മാസങ്ങൾക്ക് ശേഷമുള്ള സുനിത വില്യംസിന്‍റെ രണ്ടാമത്തെ ബഹിരാകാശ നടത്തമായിരുന്നു. മുൻപ് ജനുവരി 16നാണ് അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസും നിക്ക്ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ഒൻപതാമത്തെ നടത്തം വിജയകരമായി പൂർത്തിയാക്കിയതോടെ ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നയായ വനിത സ്‌പേസ്‌വാക്കർ ആയിരിക്കുകയാണ് സുനിത വില്യംസ്. ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം നടത്തിയ വനിതയെന്ന റെക്കോർഡും ഇപ്പോൾ സുനിത വില്യംസിന് സ്വന്തമാണ്.
മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയ വനിത മുൻ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സൺ ആയിരുന്നു. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും ചെലവഴിച്ചാണ് പെഗ്ഗി വിറ്റ്‌സൺ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഈ റെക്കോർഡാണ് സുനിത മറികടന്നിരിക്കുന്നത്. 62 മണിക്കൂറും 6 മിനിറ്റും സഞ്ചരിച്ചാണ് സുനിത റെക്കോർഡ് നേടിയത്.
ബഹിരാകാശ നിലയത്തിലെ റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് ആന്‍റിന അസംബ്ലി നീക്കം ചെയ്യുന്നതിനും ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്നും അറിയാനുമായിരുന്നു 2025 ജനുവരി 30ന് ഇരുവരും സ്‌പേസ്‌വാക്ക് നടത്തിയത്.
സുനിത വില്യംസിന്‍റെ തിരിച്ചുവരവ് എന്ന്?
ജൂൺ അഞ്ചിന് ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം വഴി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും. പേടകത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് സുനിത വില്യംസും സഹസഞ്ചാരിയായ ബുച്ച് വിൽമോറും. 10 ദിവസത്തിനുള്ളിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ച കാരണം ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുകയാണ്.
പിന്നീട് സ്റ്റാർലൈനർ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് എത്തിച്ചെങ്കിലും സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയാണ്. ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന ക്രൂ9 പേടകത്തിന്‍റെ ദൗത്യം നീട്ടിയത് കാരണം സുനിത വില്യംസിന്‍റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. സുനിത വില്യംസിനെ സ്‌പേസ് എക്‌സിൽ എത്രയും വേഗം തിരികെയെത്തിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ടോഡാൾഡ് ട്രംപ് ഇലോൺ മസ്‌ക്കിന്‍റെ സഹായം തേടിയിരുന്നു.
Also Read:
- കൽപന ചൗള വിടവാങ്ങിയിട്ട് 22 വർഷം: പേടകം കത്തിയമർന്നത് ഭൂമിയിലെത്തുന്നതിന് വെറും 16 മിനിറ്റ് മുൻപ്; അന്ന് എന്ത് സംഭവിച്ചു?
- ഐഎസ്‌ആര്‍ഒയ്‌ക്ക് തിരിച്ചടി; ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായില്ല
- ബഹിരാകാശ നടത്തത്തിൽ റെക്കോർഡിടാൻ സുനിത വില്യംസ്: ലൈവ് സ്‌ട്രീമിങ് നിങ്ങൾക്കും കാണാം; ചെയ്യേണ്ടത് ഇത്രമാത്രം
- ഭൂമിയിലെ അത്ഭുതം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം
- പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു: ചിന്നിച്ചിതറി റോക്കറ്റിന്‍റെ മുകൾ ഭാഗങ്ങൾ, ഞെട്ടിക്കുന്ന ദ്യശ്യം