മലപ്പുറം: സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഹൈക്കോടതി ജഡ്‌ജിക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്നാം പ്രതിയായി ജസ്റ്റിസ് രാമചന്ദ്രൻ നായരെയാണ് പ്രതി ചേർത്തത്. കേസിലെ രണ്ടാം പ്രതിയായ അനന്തു കൃഷ്‌ണനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഫെബ്രുവരി 6ന് പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ഒന്നാം പ്രതിയായി എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ എൻ അനന്തകുമാറിനെ പ്രതി ചേർത്തെന്ന് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുനമ്പം വഖഫ് ഭൂമി തർക്കം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിൽ ഉൾപ്പെട്ട എൻജിഒ കോൺഫെഡറേഷൻ്റെ രക്ഷാധികാരിയാണെന്നാണ് റിപ്പോർട്ട്. മലപ്പുറം വലമ്പൂർ സ്വദേശിയായ ഡാനിമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
കെഎസ്‌എസ് അങ്ങാടിപ്പുറം എന്ന സംഘടന വഴി മൂന്ന് പ്രതികളും 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിക്കാരൻ ആരോപിച്ചു. ഗുണഭോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ, ഇരുചക്ര വാഹനങ്ങൾ, തയ്യൽ മെഷീനുകൾ എന്നിവ നൽകാമെന്നാണ് പ്രതികൾ വാഗ്‌ദാനം ചെയ്‌തിരുന്നത്. സാധനങ്ങളുടെ പകുതി ചെലവ് എൻജിഒ കോൺഫെഡറേഷനും സിഎസ്‌ആർ ഫണ്ടുകളും വഹിക്കുമെന്നാണ് വാഗ്‌ദാനം നൽകിയിരുന്നത്.
എന്നാൽ, ജസ്റ്റിസ് രാമചന്ദ്രൻ നായർ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. തന്നെ തെറ്റായി പ്രതിചേർത്തതാണെന്നും ആരോപണവിധേയനായ സംഘടനയുടെ രക്ഷാധികാരിയായി ഒരിക്കലും തന്നെ നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം കമ്മിഷൻ്റെ പ്രവർത്തനം തടസപ്പെടുത്താൻ ആഗ്രഹിച്ച നിരവധി പേരുണ്ട്. അതുകൊണ്ടാണ് ഈ കേസ് ഫയൽ ചെയ്‌തതെന്ന് സംശയിക്കുന്നു. സംഘടനയുടെ ഉപദേഷ്‌ടാവായി നിയമിക്കപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം ജൂണിൽ ആ സ്ഥാനത്ത് നിന്ന് രാജിവച്ചതായി ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.
പ്രാഥമികാന്വേഷണം നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ പ്രതികൾ പല തവണയായി ഗുണഭോക്താക്കളിൽ നിന്ന് പണം വാങ്ങിയെങ്കിലും വാഗ്‌ദാനം ചെയ്‌ത സാധനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അതുവഴി പരാതിക്കാരനെ വഞ്ചിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.
ഞായറാഴ്‌ച അനന്തു കൃഷ്‌ണനെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി തെളിവുകൾ പൊലീസ് ശേഖരിച്ചു. സംസ്ഥാനത്തുടനീളം പരാതികൾ ഉയർന്നതിനെത്തുടർന്ന് തട്ടിപ്പിനെക്കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. കേസിൻ്റെ കൂടുതൽ അന്വേഷണത്തിനായി അനന്തു കൃഷ്‌ണനെ വ്യാഴാഴ്‌ച അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.