തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത 34 കേസുകളാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേകസംഘം അന്വേഷിക്കുക.
എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പാതിവില തട്ടിപ്പിന്‍റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്തെ 5 ജില്ലകളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതായാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദെർവേസ് സാഹിബിന്‍റെ ഉത്തരവിലെ പരാമർശം.
കോട്ടയം ജില്ലയിലെ പാമ്പാടി, പൊൻകുന്നം, ഈരാറ്റുപേട്ട സ്റ്റേഷനുകളിലും ആലപ്പുഴ ജില്ലയിലെ കായംകുളം, ഹരിപ്പാട്, പൂച്ചയ്ക്കൽ മുഹമ്മ, മാന്നാർ ചേർത്തല പൊലീസ് സ്റ്റേഷനുകളിലും ഇടുക്കി ജില്ലയിലെ കമ്പംമേട്, കട്ടപ്പന, നെടുങ്കണ്ടം, വണ്ടൻമേട്, തൊടുപുഴ, കരിമാനൂർ, മറയൂർ, ഉടുമ്പഞ്ചോല തുടങ്ങിയ സ്റ്റേഷനുകളിലും, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കോതമംഗലം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും കണ്ണൂർ ടൗൺ സ്റ്റേഷനിലും രജിസ്റ്റർ ചെയ്‌ത കേസുകളിൽ ആകും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഡിജിപി എച്ച് വെങ്കിടേഷിന്‍റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും അന്വേഷണത്തിന് നേതൃത്വം നൽകുക. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത 34 കേസുകളിലായി 37 കോടി രൂപയുടെ തട്ടിപ്പ് നടന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത്.
അനന്തകൃഷ്‌ണനിൽ നിന്ന് വൻ തുക കൈപ്പറ്റിയവരെക്കുറിച്ചും തട്ടിപ്പിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും, അനന്തകൃഷ്‌ണനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചവരെക്കുറിച്ചും ക്രൈംബ്രാഞ്ച് സമഗ്രമായ അന്വേഷണം നടത്തും. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുന്ന കാര്യവും ആഭ്യന്തര വകുപ്പ് പരിഗണിച്ചേക്കുമെന്നാണ് സൂചന.