എറണാകുളം: നിർമ്മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമ സമരത്തിനെതിരെ സംഘടനയ്ക്കുള്ളിലും ചലച്ചിത്ര മേഖലയിലും ഭിന്നത. ഇ ടിവി ഭാരതിന്‍റെ അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് നിർമ്മാതാക്കളുടെ തീരുമാനങ്ങളെ എതിർക്കുന്നവരുടെ കൂട്ടായ ശബ്‌ദമാണ് ആന്‍റണി പെരുമ്പാവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിനിമ സമരത്തെ വലിയ ശബ്‌ദത്തിൽ എതിർത്തുകൊണ്ടാണ് ആന്‍റണി പെരുമ്പാവൂർ വാക്കുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എല്ലാം ഓക്കേ അല്ലേ അണ്ണാ എന്നൊരു കുറിപ്പോടെ ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റ് നടൻ പൃഥ്വിരാജ് ഷെയർ ചെയ്‌തു. ആന്‍റണി പെരുമ്പാവൂരിന്‍റെ വാക്കുകളെ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്ന രീതിയിലാണ് ടൊവിനോ തോമസും പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുന്നത്. സിനിമ സമരം പോലൊരു തീരുമാനത്തോട് വിയോജിക്കുന്നു എന്ന തരത്തിലാണ് ഭൂരിപക്ഷം സിനിമ പ്രവർത്തകരും. എന്നാൽ എല്ലാ സിനിമാ സംഘടനകളോടും ചർച്ച ചെയ്‌ത ശേഷം മാത്രമാണ് സിനിമ സമരം എന്നൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് നിർമ്മാതാക്കളുടെ സംഘടന ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
![Prithviraj and Tovino Thomas Antony Perumbavoor malayalam film industry producers assocoation](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/kl-ekm-1-filmstrike-7211893_13022025210813_1302f_1739461093_205.jpg)
ആന്‍റണി പെരുമ്പാവൂരിന്‍റെ വിമർശനത്തെ ഒരു രീതിയിലും ഉൾക്കൊള്ളാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നിർമാതാക്കളുടെ സംഘടന തയ്യാറല്ല. സംഘടനയുടെ തലപ്പത്തുള്ളവർ മാത്രം ചേർന്നെടുത്ത തീരുമാനമാണിതെന്ന് ആന്‍റണി പെരുമ്പാവൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ അടിവരയിട്ട് പറയുന്നുണ്ട്. എന്നാൽ നിർമ്മാതാക്കളുടെ സംഘടന മീറ്റിംഗിൽ ആന്‍റണി പെരുമ്പാവൂർ പങ്കെടുക്കാറില്ല എന്നാണ് നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹി ജി. സുരേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
![Prithviraj and Tovino Thomas Antony Perumbavoor malayalam film industry producers assocoation](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/kl-ekm-1-filmstrike-7211893_13022025210813_1302f_1739461093_181.jpg)
നിർമ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ടായ ആന്‍റോ ജോസഫ് പ്രസ്‌തുത വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ആന്‍റോ ജോസഫുമായി സംസാരിച്ച ശേഷമാണ് ആന്‍റണി പെരുമ്പാവൂർ ഇത്തരം ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന് സിനിമാ മേഖലയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ചിലർ തുറന്നു പറയുന്നു. സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടപ്പോഴും പ്രധാന കാരണമായി നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നത് താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ്. എന്നാൽ നിർമ്മാതാക്കളുടെ സംഘടന ഈ വിഷയത്തെപ്പറ്റി ഇതുവരെയും താരസംഘടനകളോട് ചർച്ച ചെയ്‌തിട്ടില്ല എന്ന് നിർമ്മാതാക്കളുടെ സംഘടന അംഗം തന്നെ ഇടിവി ഭാരതിനോട് കഴിഞ്ഞദിവസം തുറന്നു പറഞ്ഞിരുന്നു.
സിനിമാ സമരവുമായി ബന്ധപ്പെട്ട് താരങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെയും യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും നടന്നിട്ടില്ല. അവരുടെയൊക്കെ അഭിപ്രായങ്ങൾ ആണ് ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റിലൂടെ നിഴലിക്കുന്നതെന്നും അടുത്ത വൃത്തങ്ങൾ തുറന്നുപറയുന്നു. സിനിമാ സമരത്തെ അടിസ്ഥാനപ്പെടുത്തി തീയറ്റർ ഓണേഴ്‌സ് അസോസിയേഷനും ഇതുവരെയും പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ സംഘടനയുടെ തീരുമാനങ്ങൾക്കെതിരെ തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനും ഭിന്നാഭിപ്രായമുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. തിയേറ്റർ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്‍റ് കൂടിയാണ് ആന്‍റണി പെരുമ്പാവൂർ. നിർമാതാക്കളുടെ തീരുമാനങ്ങളോട് സംവിധായക സംഘടനയിലെ പ്രമുഖ വ്യക്തികൾക്കും എതിരഭിപ്രായം തന്നെയാണ്.