ഏഷ്യ പസഫിക് മേഖലയിലെ നൂറ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊല്ലത്തിന് 51ാം റാങ്ക്. കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ആഗോള സ്ഥല ബ്രാന്‍ഡിങ് ഉപദേശകരായ റസോണന്‍സ് കണ്‍സള്‍ട്ടന്‍സി ഫ്രഞ്ച് വിപണന കമ്പനിയായ ഇപ്‌സോസിന്‍റെ പങ്കാളിത്തത്തോടെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലത്തിന്‍റെ ഈ നേട്ടം.
സിംഗപ്പൂരിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയില്‍ നിന്നുള്ള 33 നഗരങ്ങള്‍ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഇടംപിടിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. 26 നഗരങ്ങളാണ് ഇന്ത്യയില്‍ നിന്ന് പട്ടികയിലുള്ളത്. ഒന്‍പത് നഗരങ്ങളുമായി ജപ്പാന്‍ ഏറെ പിന്നിലായി മൂന്നാമതുണ്ട്.
പട്ടികയിലിടം പിടിച്ച നഗരങ്ങളില്‍ 51ാം സ്ഥാനമുള്ള കൊല്ലം ഇന്ത്യന്‍ നഗരങ്ങളില്‍ എട്ടാം സ്ഥാനത്താണുള്ളത്. കൊച്ചിയാണ് കേരളത്തില്‍ നിന്ന് രണ്ടാം സ്ഥാനത്തുള്ള നഗരം. തൃശൂര്‍ മൂന്നാമതും കോഴിക്കോട് നാലാമതുമുണ്ട്. കണ്ണൂരിനാണ് അഞ്ചാം സ്ഥാനം. അഞ്ച് നഗരങ്ങള്‍ കേരളത്തില്‍ നിന്ന് പട്ടികയിലിടം നേടിയിട്ടും തലസ്ഥാനനഗരമായ തിരുവനന്തപുരം പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.
നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും അനുയോജ്യമായ 25 ഘടകങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിട്ടുള്ളത്. പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് പട്ടിക തയാറാക്കാന്‍ പരിഗണിച്ചത്. സുപ്രധാന വിവരങ്ങളും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
കൊല്ലത്തിന് ആരോഗ്യ സൂചികയില്‍ നാലാം സ്ഥാനം
കേരളത്തിലെ കായലുകളുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന കൊല്ലത്തെ അഷ്‌ടമുടി തടാകം നഗരത്തിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് താങ്ങാകുന്നു. ഇതിന് പുറമെ ജീവിതോപാധിക്കും വാണിജ്യത്തിനുമായി അഷ്‌ടമുടിക്കായലിനെ ആശ്രയിക്കുന്നത് പതിനഞ്ച് ലക്ഷത്തിലേറെ പേരാണ്. കായലിന് പുറമെ കൊല്ലത്തെ അതിമനോഹരമായ ഭൂവിഭാഗവും ഇവിടം ജീവിക്കാന്‍ പറ്റിയ സ്ഥലമായി അടയാളപ്പെടുത്തുന്നു. ജീവിക്കാന്‍ പറ്റിയ നഗരങ്ങളുടെ സൂചികയില്‍ പതിനാറാമത്തെ സൂചികയാണ് നഗരത്തിനുള്ളത്. താങ്ങാനാകുന്ന വാടകയും ആരോഗ്യ സംവിധാനങ്ങളും നഗര ജീവിതത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കയര്‍, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വാണിജ്യത്തിന് ചരിത്രത്തില്‍ പേരുകേട്ട നഗരം കൂടിയാണ് കൊല്ലം. ഇതിലൂടെ സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ ആണിക്കല്ലായും നഗരം നിലകൊള്ളുന്നു.
പ്രാദേശിക വാണിജ്യത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കൊല്ലം തുറമുഖം. ഇതു നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് കടത്ത് സുഗമമാക്കുന്നു. മൊത്തം അഭിവൃദ്ധിയിലും കൊല്ലത്തിന് നിര്‍ണായക സൂചിക കരസ്ഥമാക്കാനായിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി കയറ്റുമതി കേന്ദ്രമായും കൊല്ലം തുറമുഖത്തിന്‍റെ വികസനത്തിനായുമുള്ള ശതകോടികളുടെ നിക്ഷേപ പദ്ധതികള്‍ നഗരത്തെ സാമ്പത്തിക ശക്തി കേന്ദ്രമാക്കി മാറ്റും. കൊല്ലത്തിന്‍റെ സംയോജിത നഗര വികസന പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. നൂതന പാതകള്‍, ആധുനിക പാര്‍പ്പിട സമുച്ചയങ്ങള്‍, മെച്ചപ്പെട്ട പൊതുവിടങ്ങള്‍ എന്നിവ നഗര ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കുന്നു. ഹരതി ഇടങ്ങള്‍ക്കുള്ള നിക്ഷേപവും ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് നല്‍കുന്നു. ഇതിന് പുറമെ ഇവ പുത്തന്‍ വ്യവസായ അവസരങ്ങള്‍, പ്രത്യേകിച്ച് കാര്‍ഷിക മേഖലയ്ക്ക് തുറന്ന് നല്‍കുന്നു.
കൊച്ചി
ഇന്ത്യയുടെ ദക്ഷിണ പശ്ചിമ തീര നഗരമായ കൊച്ചി സമ്പന്നമായ സാമ്രാജ്യത്വ ഭൂതകാലത്തിന്‍റെയും അതിവേഗ ആധുനികവത്ക്കരണത്തിന്‍റെയും സമ്മേളനമാണ്. ഫോര്‍ട്ട് കൊച്ചി വഴി കടന്ന് പോകുന്ന ഏതൊരാള്‍ക്കും പോര്‍ട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് നിര്‍മ്മാണ ശൈലിയുടെ അവശേഷിപ്പുകള്‍ കാണാനാകും. ആഗോള കടല്‍ വാണിജ്യത്തില്‍ ഈ നഗരം വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇതില്‍ നിന്ന് മനസിലാക്കാം. ചൈനീസ് മീന്‍പിടുത്ത വലകള്‍ കൊച്ചിയുടെ നൂറ്റാണ്ടുകള്‍ പരമ്പരാഗത മത്സ്യബന്ധനത്തിന്‍റെ ചിത്രം നല്‍കുന്നു.
![KOLLAM BEST CITY ASIA PACAFIC REGION SINGAPORE KOCHI](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/23537103_kochi.jpg)
ഇതിനൊപ്പം സുഗന്ധ വ്യഞ്ജന വിപണിയിലെ പ്രവര്‍ത്തനങ്ങളും രാജ്യാന്തര വാണിജ്യ മേഖലയില്‍ നഗരത്തിന്‍റെ പങ്ക് വ്യക്തമാക്കുന്നു. പുരാതന ജൂതപ്പള്ളികളും സെന്‍റ് ഫ്രാന്‍സിസ് പള്ളിയും കൊച്ചിയെ ജീവിക്കുന്ന മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ഇവയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കൊച്ചിയുടെ നാഗരികമാറ്റം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെ നീട്ടിയിരിക്കുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും നഗരത്തെ സഹായിച്ചു. നഗരത്തെ കൂടുതല്‍ ആകര്‍ഷമാക്കി. ജീവിക്കാന്‍ പറ്റിയ നഗരത്തിനുള്ള 45മത് റാങ്കിംഗാണ് കൊച്ചിക്ക് ലഭിച്ചിരിക്കുന്നത്. 120 കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപമുള്ള സ്‌മാര്‍ട്ട് സിറ്റി പദ്ധതി നഗരത്തിന്‍റെ സാമ്പ്തതിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടി. സംസ്ഥാന സര്‍ക്കാരിന്‍റെയും ദുബായ് ഹോള്‍ഡിങിന്‍റെയും സംയുക്ത പദ്ധതിയാണിത്. 560 ലക്ഷം അമേരിക്കന്‍ ഡോളര്‍ നിക്ഷേപിച്ച് നിര്‍മ്മിച്ച ഐടി പാര്‍ക്ക് പതിനായിരക്കണക്കിന് തൊഴില്‍ സൃഷ്‌ടിച്ചു. ഇത് കൊച്ചിയുടെ അഭിവൃദ്ധി റാങ്കിങിനെ 84ല്‍ എത്തിച്ചു.
തൃശൂര്‍
കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയിപ്പെടുന്ന തൃശൂരിനെ ഇവിടുത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും വടക്കുംനാഥ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ ലോകപ്രശസ്‌ത തൃശൂര്‍ പൂരവും നിരവധി സഞ്ചാരികളെ ഇങ്ങോട്ടേക്ക് എത്തിക്കുന്നു.
![KOLLAM BEST CITY ASIA PACAFIC REGION SINGAPORE KOCHI](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/23537103_thrissur.jpg)
തീര്‍ത്ഥാടന കേന്ദ്രങ്ങളായ വടക്കുംനാഥ ക്ഷേത്രവും ഏഷ്യയിലെ ഏറ്റവും വലിയ പള്ളി ഗോപുരമായ ബൈബിള്‍ ടവറും കൊടുങ്ങല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാന്‍ ജുമാമസ്‌ജിദും തൃശൂരിലെ മത വൈവിധ്യത്തെയും സഹവര്‍ത്തിത്വത്തെയും വിളിച്ചോതുന്നു. ആരോഗ്യ പരിരക്ഷയിലും നഗരത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഇതിന് പുറമെ രാജ്യത്തിന്‍റെ സ്വര്‍ണ തലസ്ഥാനം കൂടിയാണ് തൃശൂര്‍. കൂടാതെ ദക്ഷിണേന്ത്യയിലെ വാണിജ്യ കേന്ദ്രവുമാണ് ഇത്. സ്വരാജ് റൗണ്ടും സംയോജിത ഗതാഗത സംവിധാനങ്ങളും തൃശൂരിലെ ജനതയുടെ സഞ്ചാരത്തിന് വേഗം കൂട്ടുന്നു. അതോടൊപ്പം നഗരത്തിന്‍റെ സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിക്കാനായി പൈതൃക നഗര വികസന പദ്ധതിയുമുണ്ട്. നഗരത്തെ ആധുനികവത്ക്കരിക്കുന്നതിനൊപ്പം പൗരാണികതയെ സംരക്ഷിക്കുകയും ചെയ്യുന്നു.
കോഴിക്കോട്
കാലിക്കറ്റ് എന്ന സാമ്രാജ്യത്വ പേരില്‍ ലോകമറിയുന്ന കോഴിക്കോട്ടെ അറബിക്കടല്‍ നൂറ്റാണ്ടുകളായി കടല്‍ വാണിജ്യ രംഗത്ത് പേരുകേട്ടതാണ്. കേരളത്തിലെ മലബാര്‍ തീരത്തുള്ള കോഴിക്കോട് ഇന്ത്യയുടെ സുഗന്ധ വ്യഞ്ജന വാണിജ്യത്തിന്‍റെ പ്രവേശനകവാടമായി നിലകൊള്ളുന്നു. ആഗോള വാണിജ്യത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും കേന്ദ്രം കൂടിയാണ് കോഴിക്കോട്. യൂറോപ്യന്‍മാരുടെ ഇന്ത്യയിലേക്കുള്ള വരവിന് തുടക്കമിട്ട് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം കൂടിയാണ് കോഴിക്കോട്. നഗരത്തിലെ മിഠായിത്തെരുവ് സുഗന്ധവ്യഞ്ജനങ്ങളുടെയും കടല്‍ഭക്ഷ്യവിഭവങ്ങളുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും വിപണന കേന്ദ്രമാണ്. നഗരത്തിന്‍റെ പാരമ്പര്യം കൂടി മിഠായിത്തെരുവ് നമുക്ക് മുന്നില്‍ തുറന്ന് നല്‍കുന്നു. ഒരു കാലത്ത് കോഴിക്കോടന്‍ തീരങങളെ സമ്പന്നമാക്കിയിരുന്ന അറബ്, ചൈനീസ്, യൂറോപ്യന്‍ വ്യാപാരികളുടെ കൈമുദ്ര പതിഞ്ഞ നഗരമാണിത്. അവരുടെ സ്വാധീനം ഇപ്പോഴും ഇവിടുത്തെ ഓരോ തെരുവുകള്‍ക്കുമുണ്ട്. മിഷ്ക്കല്‍ പള്ളി മുതല്‍ കാപ്പാട് തീരം വരെ കോഴിക്കോട് കാഴ്ചയുടെയും സാംസ്‌കാരികതയുടെയും വിരുന്നാണ് നമുക്ക് സമ്മാനിക്കുന്നത്. ഹരിത കോഴിക്കോട് തുടങ്ങിയ പദ്ധതികളിലൂടെ നഗരത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നു. മാനാഞ്ചിറ, സരോവരം ബയോ പാര്‍ക്കുകള്‍ പോലുള്ള പൊതുവിടങ്ങള്‍ കോഴിക്കോടിനെ ചലനാത്മകമാക്കുന്നു. കോഴിക്കോട് ബീച്ച് നാട്ടുകാരെയും സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. വാടകയില്‍ നാലാം സ്ഥാനത്തുള്ള നഗരം നഗരത്തെ ജീവിക്കുന്നതിന് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
കണ്ണൂര്‍
ഗോവയ്ക്കും കൊച്ചിയ്ക്കുമിടയിലുള്ള കേരളത്തിന്‍റെ സുവര്‍ണ മലബാര്‍ തീരത്ത് കിടക്കുന്ന നഗരമാണ് കണ്ണൂര്‍. കൈത്തറിത്തരങ്ങള്‍ക്ക് പേരു കേട്ട നഗരമാണിത്. ഇന്ത്യയുടെ സാമ്രാജ്യത്വ ചരിത്രത്തിലും നഗരത്തിന് പ്രത്യേക സ്ഥാനമുണ്ട്. നഗരത്തിന്‍റെ സ്വഭാവിക ഭംഗിയും കടലോര കാഴ്‌ചകളും എല്ലാം നഗര ജീവിതത്തെ ഏറെ സമ്പന്നമാക്കുന്നു.
![KOLLAM BEST CITY ASIA PACAFIC REGION SINGAPORE KOCHI](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/23537103_kannur.jpg)
പയ്യാമ്പലം ബീച്ചിന് പുറമെ ഇവിടുത്തെ സെന്‍റ് ആഞ്ചലോ കോട്ടയും കാണേണ്ടതാണ്. കണ്ണൂര്‍ രാജ്യാന്തരവിമാനത്താവള വികസനം സാമ്പത്തിക മേഖലയിലും ഏറെ മുതല്‍ക്കൂട്ടാകും. സഞ്ചാരികള്‍ക്ക് വേഗത്തില്‍ ഇങ്ങോട്ടെത്തുന്നതിനും ഇത് സഹായിക്കും. വിമാനത്താവളം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ആഗോള വിപണികളിലേക്കും നേരിട്ടെത്താനും സഹായകമാകുന്നു. പ്രാദേശിക കയറ്റുമതിയില്‍ നാല്‍പ്പത് ശതമാനം വര്‍ദ്ധനയുണ്ടാക്കാന്‍ വിമാനത്താവളത്തിന്‍റെ വരവോടെ സാധിച്ചിരുന്നു. വസ്‌ത്ര കയറുത്പന്ന കയറ്റുമതിയാണ് വര്‍ദ്ധിച്ചത്. നഗരം പാരിസ്ഥിതിക വിനോദസഞ്ചാരമേഖലയിലും നിക്ഷേപം നടത്തുന്നുണ്ട്. വളപട്ടണം നദി വിനോദസഞ്ചാര പദ്ധതി സ്വാഭാവിക ജലപാതയിലൂടെയാണ് സാധ്യമാക്കിയിരിക്കുന്നത്. സുപ്രധാന ഇടങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക പൈതൃക ഇടനാഴിക്കും പദ്ധതിയുണ്ട്. കണ്ണൂരിന്‍റെ ചരിത്രവും കലാപാരമ്പര്യവും സംരക്ഷിച്ച് കൊണ്ട് വിനോദസഞ്ചാര സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാണ് ശ്രമം.