എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് ആശുപത്രി വിട്ടു. നാല്‍പത്തിയേഴ് ദിവസത്തിന് ശേഷമാണ് ഉമാ തോമസ് ആശുപത്രി വിടുന്നത്. വലിയൊരു അപകടത്തിന് ശേഷം കരകയറിയെന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു.
ബോധം തെളിഞ്ഞപ്പോൾ കരുതിയത് പൊലീസ് സ്റ്റേഷനിലാണ് എന്നാണ്. ആശുപത്രിയിലാണെന്ന് തിരിച്ചറിയാൻ പോലും സമയമെടുത്തെന്നും ഉമാ തോമസ് പറഞ്ഞു. അപകടം നടന്ന ദിവസം വീട്ടിൽ നിന്ന് പോയത് പോലും തനിക്ക് ഒർമ്മയില്ല. വേദനകളൊന്നും താൻ അനുഭവിച്ചിട്ടില്ലെന്നും ഉമാ തോമസ് പറഞ്ഞു.
ഓർമ്മ വന്നതിന് ശേഷം ഡോക്‌ടറെയും കാക്കി ഡ്രസ് ധരിച്ച നഴ്‌സുമാരെയും കണ്ടപ്പോൾ താൻ പൊലീസ് സ്റ്റേഷനിലാണെന്നാണ് കരുതിയത്. തന്നെ എന്തിനാണ് സ്റ്റേഷനിൽ കിടത്തിയതെന്ന് ചോദിച്ചപ്പോൾ അങ്ങനെയല്ലെന്നാണ് മറുപടി ലഭിച്ചത്. ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ ട്യൂബിൽ കൂടി കിട്ടിക്കോളുമെന്ന് പറഞ്ഞു. ഓക്‌സിജൻ മാസ്‌ക് ധരിപ്പിച്ചപ്പോൾ അന്തരീക്ഷത്തിൽ ഓക്‌സിജനില്ലേ, നിങ്ങൾക്ക് വിവരമില്ലേ എന്നും അവരോട് ചോദിച്ചുവെന്നും ഉമ തോമസ് ഓർമിച്ചു.
ഇത് ഹോസ്‌പിറ്റലാണന്ന് പറഞ്ഞപ്പോൾ, ഞാൻ ഹോസ്‌പിറ്റലൊക്കെ കുറേ കണ്ടതാണെന്നാണ് മറുപടി നൽകിയത്. തനിക്ക് ചികിത്സ നൽകിയ റിനൈ മെഡിസിറ്റി ആശുപത്രിയിലെ ജീവനക്കാരുമായി വിട്ടു പിരിയാനാകാത്ത രീതിയിലുള്ള അനുഭവമാണുള്ളത്. ഒരോരുത്തരും തന്നെ ചേർത്തുപിടിച്ചു. ഒരുപക്ഷേ പി.ടി ദൈവത്തോടൊപ്പം ചേർന്ന് കൈവെള്ളയിൽ കാത്തതായിരിക്കും.
അതായിരിക്കും അത്ര വലിയ ഉയരത്തിൽ നിന്ന് വീണിട്ടും ഈയൊരു പരിക്കിൽ ഒതുങ്ങിയത്. വേറെയാരെങ്കിലുമായിരുന്നെങ്കിൽ തല തന്നെ പൊട്ടിത്തെറിച്ച് പോകുമായിരുന്നു എന്നാണ് താൻ കരുതുന്നത്. ചേച്ചിക്ക് തടിയുണ്ടായത് നന്നായിയെന്ന് ഡോക്‌ടർ പറഞ്ഞ നർമ്മവും ഉമാ തോമസ് എം എൽ എ പങ്കുവെച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തടിയൊക്കെ കുറയ്ക്കണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ട്. താൻ അപകടത്തെ അതിജീവിച്ചു കഴിഞ്ഞുവെന്നും ഉമാ തോമസ് വ്യക്തമാക്കി. തന്‍റെ തിരിച്ചു വരവ് ഡോക്‌ടർമാരുടെയും നഴ്‌സിന്‍റെയും വിജയമാണ്. തന്‍റെ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചവർ, തന്‍റെയും പി.ടിയുടെയും കുടുംബക്കാർ, തന്‍റെ പാർട്ടി എല്ലാരും ചേർത്തുപിടിച്ചു. തിരിച്ചു വരാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എന്നും ഉമാ തോമസ് എം എൽ എ പറഞ്ഞു.
കേക്ക് മുറിച്ച് സന്തോഷം പ്രകടിപ്പിച്ചും ചികിത്സിച്ച ഡോക്‌ടർമാരുടെയും മറ്റു ജീവനക്കാരുടെയും പേരെഴുതിയ മെമെന്‍റോ സമ്മാനിച്ചുമാണ് ഉമാ തോമസ് എം എൽ എ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് യാത്രയായായത്.
ഒരു മാസത്തെ വിശ്രമം കൂടി ഡോക്‌ടർമാർ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്‌ടർ എൻ.എസ്.കെ ഉമേഷ്, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, റിനൈ മെഡിസിറ്റിയിലെ മുഴുവൻ ഡോക്‌ടര്‍മാര്‍ തുടങ്ങിയവര്‍ ഉമാ തോമസിനെ ആശുപതിയിൽ നിന്ന് യാത്രയാക്കാൻ എത്തിയിരുന്നു.