ന്യൂഡല്‍ഹി: എഴുപതംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 36ഉം കടന്ന് 48 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനമാണ് കാഴ്‌ചവച്ചത്. ആം ആദ്‌മി പാര്‍ട്ടിക്കാകട്ടെ, കേവലം 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കൃത്യമായ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തകൃതിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സമാജികരുടെയും യോഗം ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്നു. ബിജെപിയുടെ ദേശീയ സംഘടന നേതാവ് ബി എല്‍ സന്തോഷ്, ദേശീയ ഉപാധ്യക്ഷനും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവുമായ ബൈജയന്ത് പാണ്ട, സംസ്ഥാന അധ്യക്ഷന്‍ വിരേന്ദ്ര സച്ച് ദേവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തു. ഡല്‍ഹിയിലെ ബിജെപി എംപിമാരായ ബാംസുരി സ്വരാജ്, കമല്‍ജിത് സെഹ്‌റവാത്, മനോജ് തിവാരി, രാം വീര്‍ സിങ് ബിധുരി, യോഗേന്ദ്ര ചന്ദോലിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ അദ്ദേഹം യോഗം അവസാനിക്കും മുമ്പ് തിരിച്ച് പോയി. ബിജെപി നിയമസഭാ കക്ഷി നേതാവ് ആരാകും എന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയെയും ഇനിയും തീരുമാനിച്ചിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകളില്‍ പര്‍വേഷ് വര്‍മ്മയ്ക്കാണ് മുന്‍ഗണന. ഇതിന് പുറമെ വിജേന്ദ്ര ഗുപ്‌തയുടേത് അടക്കമുള്ള പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. തങ്ങളുടെ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം ഡല്‍ഹി ജനത ദീപാവലി ആഘോഷിക്കുകയാണെന്ന് യോഗത്തിന് മുമ്പ് ബിജെപി എംപി രാംവിര്‍സിങ് പറഞ്ഞു.
സംഘടനാ, ഭരണനിയമങ്ങളെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ സമാജികര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ വിജയസന്ദേശത്തിലേക്ക് അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു.
പ്രധാനമന്ത്രിയുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനും ഡല്‍ഹിയുടെ വികസനത്തിനുമായി സമയം കളയാതെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ടായി. ഡല്‍ഹി ജനതയ്ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും തങ്ങള്‍ പാലിക്കുമന്ന് രോഹിണി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജേന്ദര്‍ ഗുപ്‌ത പറഞ്ഞു. താനൊരു എംഎല്‍എയാണ്, പാര്‍ട്ടിയെടുക്കുന്ന എന്ത് തീരുമാനവും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:എഎപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയും ഉപയോഗിച്ചു; ആരോപണവുമായി അമാനത്തുള്ളഖാന്‍