കോട്ടയം:കനത്ത മഴയിൽ കോട്ടയത്ത് വൻ നാശനഷ്‌ടം. പലയിടത്തും വെള്ളം കയറി കൃഷി നശിച്ചു. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മീനടം പുതുപ്പള്ളി ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. രണ്ട് ദിവസത്തെ കനത്ത മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളത്തിനടിയിലായി
കോട്ടയത്ത് പെരുമഴ; വ്യാപക കൃഷി നാശം, താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി - HEAVY RAINFALL IN KOTTAYAM
കോട്ടയത്ത് കനത്ത മഴയെ തുടര്‍ന്ന് വ്യാപക കൃഷി നാശം.
Published : Dec 2, 2024, 5:53 PM IST
പാമ്പാടി മീനടം പുതുപ്പള്ളി ഭാഗങ്ങളിലാണ് വ്യാപക കൃഷി നാശം ഉണ്ടായിട്ടുള്ളത്. വെള്ളൂർ എട്ടാം മൈലിൽ കപ്പ കൃഷി വെളളം കയറി നശിച്ചു. വിളവെടുക്കാറായ 2,000 മൂട് കപ്പയാണ് നശിച്ചത്. ഇന്നലെ (ഡിസംബർ 01) രാത്രിയിലെ മഴയെ തുടർന്ന് പാമ്പാടി കാളച്ചന്ത ഭാഗത്ത് വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മീനടം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി.
മീനടം ഞണ്ട് കുളം പാലം വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. പാമ്പാടി ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന കാർ പാലത്തിൽ കുടുങ്ങി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി കാർ കരയ്ക്ക് കയറ്റി. ശക്തമായ മഴയെത്തുടർന്ന് പുതുപ്പള്ളിയുടെ താഴ്ന്ന പ്രദേശമായ കൊട്ടാരത്തിൽക്കടവ്, പുതുപ്പള്ളി ചിറ, ഇരവിനല്ലൂർ എന്നീ പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:മഴ ഇനിയും കനക്കും, മുന്നറിയിപ്പില്‍ മാറ്റം; ഒരു ജില്ലയില്‍ കൂടി റെഡ് അലര്‍ട്ട്