തിരുവനന്തപുരം: രാസലഹരി ഉപയോഗം കൂടിയതോടെ കഞ്ചാവ് ഉപയോഗം കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളുടെ വർധനയും ചൂണ്ടിക്കാട്ടി പി സി വിഷ്‌ണുനാഥ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. ലഹരിയുടെ മയക്കത്തിലേക്ക് കേരളത്തിലെ യുവത്വം വഴുതി വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉറക്കം നടിച്ചിട്ട് കാര്യമില്ല. ആളുകള്‍ക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ തന്നെ പേടിയാണ്. ഏത് നിരപരാധിയും എവിടെ വച്ചും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണ്. അഡിക്റ്റാകുന്നവര്‍ കാരിയറായി മാറുകയാണ്. ഒരു കാലത്തുമില്ലാത്ത തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അതിനൊക്കെ പരിഹാരമായി ഞങ്ങള്‍ വിമുക്തി കാമ്പയിന്‍ നടത്തുന്നുണ്ടെന്ന് പറയുന്നതിൽ അര്‍ത്ഥമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എക്‌സൈസില്‍ ആകെ കുറച്ച് ജീവനക്കാരും കുറച്ച് സംവിധാനങ്ങളും മാത്രമെയുള്ളൂ. ആ സംവിധാനങ്ങള്‍ മുഴുവന്‍ കാമ്പയിനിങ്ങിന് ഉപയോഗിക്കുകയാണ്. പക്ഷെ എന്‍ഫോഴ്‌സ്‌മെന്‍റാണ് പ്രധാനം. എക്‌സൈസിന് ഒരു ഇന്‍റലിജന്‍സുണ്ടോ?. ഒരു കേസ് പിടിച്ചാല്‍ അതിന്‍റെ സോഴ്‌സ് എവിടെയാണെന്ന് അന്വേഷിച്ചു പോകാനുള്ള ഒരു സംവിധാനം പോലുമില്ലെന്നും വിഡി സതീശൻ വിമർശിച്ചു.