പത്തനംതിട്ട: കണ്ണൂർ ജില്ലയിലെ കാപ്പ കേസിലുൾപ്പെട്ട പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അടൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. കണ്ണൂർ ഇരിട്ടി കേളകം അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ വീട്ടിൽ ജെറിൽ പി ജോർജ്ജി (25) നെ ക്രൂരമായി പരിക്കേല്‍പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്.
ഒട്ടേറെ ക്രിമിനൽ കേസ് പ്രതികളായ ഏഴംകുളം നെടുമൺ പറമ്പ് വയൽകാവ് മുതിര വിള പുത്തൻവീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന വിഷ്‌ണു വിജയൻ (30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻ വിള കിഴക്കേതിൽ ശ്യാം (24) എന്നിവരെയാണ് അടൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്.
ജനുവരി 18 നാണ് കേസിന് ആസ്‌പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായതിനെ തുടർന്ന്, കാപ്പാ നടപടിപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങളായ അടൂർ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാലിന്‍റെയും, ചന്ദ്രലാലിന്‍റെയും വീട്ടിൽ വെച്ചാണ് പ്രതികൾ ജെറിൽ പി ജോർജ്ജിനെ മർദ്ദിച്ചത്. കാപ്പാ നടപടികൾക്ക് വിധേയനായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് പ്രതികളായ വിഷ്‌ണു, ശ്യാം എന്നിവരെയും, സൂര്യലാലിനെയും, ചന്ദ്രലാലിനെയും ജെറിൽ പരിചയപ്പെടുന്നത്.
ഇതേസമയം മറ്റൊരു കേസിൽ പ്രതിയായി കാർത്തിക്കും ജയിലിൽ ഉണ്ടായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇവർ മാരൂരിലുള്ള സൂര്യലാലിന്‍റെ വീട്ടിൽ ദിവസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നു. സാമ്പത്തിക വിഷയത്തിൽ ഇവിടെവെച്ച് പരസ്‌പരം തർക്കമുണ്ടായതിനെ തുടർന്ന്, പ്രതികൾ ജെറിലിന്‍റെ പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചതായി ഇയാളുടെ മൊഴിയിൽ പറയുന്നു. ഇത്തരത്തിൽ ഇരുപതോളം മുറിവുകൾ സംഭവിപ്പിച്ചു.
ലൈംഗികാവയവത്തിലും ഇരുതുടയിലും തീക്കനൽ വാരിയിട്ട് പൊള്ളിക്കുകയും, എയർ പിസ്റ്റൾ ഉപയോഗിച്ച് ചെവിയിൽ പെല്ലറ്റില്ലാതെ അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്‌തു. പിന്നീട് പിസ്റ്റലിൽ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും, ഇരുമ്പ് കമ്പി കൊണ്ട് ദേഹമാസകലം മർദ്ദിച്ചതായും പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദേഹമാസകലം പരിക്കേറ്റ ജെറിലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കാതെ പ്രതികൾ അഞ്ചു ദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു.
തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ജെറിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഡോക്‌ടർ മർദ്ദന വിവരം അറിയിച്ചതിനെ തുടർന്ന് അടൂർ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും, പ്രതികളെ ഭയന്ന് ജെറിൽ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട് കണ്ണൂരിലേക്ക് പോയതായി അറിഞ്ഞു.