കോട്ടയം: സംസ്ഥാന കൃഷി വകുപ്പിൻ്റെ പങ്കാളിത്തത്തോടെ നടന്ന ചൈതന്യ കാർഷിക മേള സ്വാശ്രയ മഹോത്സവത്തിന് വർണാഭമായ സമാപനം. ഒരാഴ്‌ച നീണ്ടുനിന്ന മേളയിൽ കാർഷിക മേഖലക്ക് പുത്തന്‍ ഉണർവേകുന്ന നിരവധി വിസ്‌മയക്കാഴ്‌ചകളാണ് ഒരുക്കിയിരുന്നത്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമാണ് വർഷം തോറും മേള സംഘടിപ്പിച്ച് വരുന്നത്.
കാർഷിക വിളകളുടെ പ്രദർശനം, ഫലവൃക്ഷതൈകൾ, അലങ്കാര ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ വിപണനം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുൻഗണന നൽകുന്നതായിരുന്നു മേള. വിവിധ കിഴങ്ങുവർഗങ്ങൾ, ഔഷധഫലങ്ങൾ എന്നിവയുടെ പ്രദർശനം അറിവു പകർന്നതായി മേള കാണാനെത്തിയവർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ എച്ച്എഫ് മൂരിയായ 'ബാഹുബലി'യുടെ പ്രദർശനം, വിവിധ സംസ്ഥാനങ്ങളിലെ നാടൻ പശുക്കളുടെ പ്രദർശനം, പിഗ്മി ആടു കുടുംബത്തിൻ്റെ പ്രദർശനം, കാർഷിക കലാ മത്സരങ്ങൾ, പെറ്റ് ഷോ, പക്ഷി മൃഗാദികളുടെ പ്രദർശനം, പൗരാണിക ഭോജനശാല, കാർഷിക നഴ്‌സറി, പുരാവസ്‌തു പ്രദർശനം, അമ്യൂസ്മെൻ്റ് പാർക്ക്, പ്രദർശന വിപണന സ്റ്റാളുകൾ തുടങ്ങി വിവിധ ഇനങ്ങള്‍ മേളയെ മികച്ചതാക്കി.
കൗതുകമുണർത്തുന്ന കേശറാണി, താടി സുന്ദരൻ മത്സരങ്ങൾ, കപ്പ നുറുക്കൽ, ഓല മെടച്ചിൽ, തേങ്ങാ പൊതിക്കൽ മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി നടന്നു. കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ഫെബ്രുവരി രണ്ടിനാണ് മേള ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാ ക്ളാസുകൾ, ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകള്‍, മന്ത്രിമാർ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങൾ, കലാവിരുന്നുകൾ എന്നിവയും മേളയുടെ ഭാഗമായി നടന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാർഷിക വൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കാൽ നൂറ്റാണ്ടായി കാർഷിക മേള നടത്തി വരുന്നുണ്ട്. കാർഷിക സംസ്‌കൃതിയെ ഉണർത്താനും കാർഷിക വൃത്തി ജീവിതത്തിൻ്റെ ഭാഗമാക്കാനും ഊർജ്ജമായി മാറുന്നതായിരുന്നു കാർഷിക മേള.
കൃഷി കൂടാതെ പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, ഭക്ഷ്യ സുരക്ഷ, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകൾ തുടങ്ങി വിവിധ മേഖലകളെ ഉൾപ്പെടുത്തിയാണ് മേള മുന്നേറുന്നത്.
Also Read:അഴകേറും തൂവലുകളും ഓമന മുഖവും; അരുമകളില്‍ നിന്ന് ആനന്ദവും ആദായവും, ഇത് വിജയ്‌യുടെ വിജയം