തിരുവനന്തപുരം: കിഫ്‌ബിയെ ജനിക്കുന്നതിനു മുൻപ് കൊല്ലാൻ ശ്രമിച്ചവർ ഇപ്പോൾ കുഞ്ഞിന് കൂടുതൽ പാലും ഹോർലിക്‌സും കൊടുക്കാത്തതെന്തെന്ന ചോദ്യം ഉന്നയിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കിഫ്‌ബിയുടെ പ്രവർത്തനത്തിന്‍റെ താളപ്പിഴകൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കിഫ്‌ബി മുഖേന 140 മണ്ഡലത്തിലും പ്രവർത്തികൾ നടക്കുന്നുവെന്നു പറഞ്ഞ മന്ത്രി കിഫ്‌ബി മുഖാന്തരം നടക്കുന്ന വികസന പ്രവർത്തികളും വിശദീകരിച്ചു. കിഫ്‌ബി പിറകോട്ടല്ല, മുന്നോട്ടു തന്നെയാണ് പോകുന്നതെന്നും കേരളത്തിനെ മുന്നോട്ടു കൊണ്ടു പോകാനുള്ള പദ്ധതികളാണ് നടക്കുന്നതെന്നും മന്ത്രി മറുപടി പറഞ്ഞു.
വർഷങ്ങളെടുത്തു തീരേണ്ട കാര്യങ്ങളാണ് പെട്ടെന്ന് തീർന്നത്. ഡൽഹിയിൽ ചെയ്‌ത അതേ രാഷ്ട്രീയമാണ് കോൺഗ്രസ് കേരളത്തിൽ നടപ്പിലാക്കുന്നത്. ഡൽഹിയിൽ ഇന്ത്യ മുന്നണിയെ തകർത്തു ബിജെപിയെ സഹായിക്കുന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. ടോളിന്‍റെ കാര്യം പറഞ്ഞു ജനങ്ങളെ ആശങ്കപ്പെടുത്തേണ്ട കാര്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.
വെന്‍റിലേറ്ററിലുള്ള കിഫ്‌ബിക്ക് ഡ്രിപ്പ് ആവശ്യമില്ലെന്ന് ധനമന്ത്രിയുടെ മറുപടിക്ക് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. കിഫ്‌ബിയുടെ പണം ആരുടേയും തറവാട്ടു സ്വത്ത് വിറ്റു ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണമല്ല. നികുതി പിരിച്ചെടുത്ത പണം എല്ലാവർക്കും അവകാശപ്പെട്ടതാണ്. കിഫ്‌ബി പദ്ധതികൾക്ക് ചലനമില്ല. ബാക്കിയുള്ള വകുപ്പുകൾക്ക് ലഭിക്കാനുള്ള പണമാണ് കിഫ്‌ബിയിലേക്ക് മാറ്റുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിഡബ്ല്യൂഡിയുടെ നിർമാണ വേഗത കിഫ്‌ബിയുടെ പദ്ധതികൾക്കില്ല. 5 വർഷം കൊണ്ടു 50000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്‍റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും 20,000 കോടി രൂപയാണ് കിഫ്‌ബിക്ക് നൽകിയത്. സംസ്ഥാനത്തിന്‍റെ പരമാധികാരം ഈട് വച്ചാണ് കടമെടുക്കേണ്ടത്.
ബഡ്‌ജറ്റിന്‍റെ മീതെ ഒരു ബാധ്യതയായി ഇപ്പോൾ കിഫ്‌ബി മാറി. കിഫ്‌ബിക്ക് വരുമാന നേട്ടമില്ല. ഇതു സാധാരണ നിലയിൽ സർക്കാർ വകുപ്പുകളെ ഉപയോഗിച്ച് നടപ്പിലാക്കാവുന്ന പദ്ധതിയായിരുന്നു. 20000 കോടി രൂപയാണ് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും കിഫ്‌ബിക്ക് നൽകിയത്. എന്നിട്ട് 18000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.
പ്ലാൻ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിൽ പരിഗണനാ വിഷയങ്ങൾക്ക് കൂടുതൽ ചിലവിട്ടേനെ. ചിലവിട്ടതിന്‍റെ 3 ശതമാനം പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന് വേണ്ടി മാത്രമാണ്. റോഡിലൂടെ യാത്ര ചെയ്യുന്നതിന് 3 നികുതി നൽകണം. 1 ശതമാനത്തിന് അന്താരാഷ്ട്ര തലത്തിൽ വായ്‌പ ലഭിക്കുമ്പോൾ 9 ശതമാനത്തിന് കിഫ്‌ബിക്ക് ലോൺ മേടിച്ചു.
പിൻവാതിൽ നിയമനമുള്ള കിഫ്‌ബിയിൽ സി ആൻഡ് എജിയുടെ ഓഡിറ്റ് പോലുമില്ല. നാട്ടിൻപുറത്തെ ക്ലബ്ബല്ല, ഇതു നാട്ടുകാരുടെ നികുതി പണമാണ്. കടത്തിന്‍റെ കാണാക്കയങ്ങളിലേക്ക് സംസ്ഥാനം വീണു പോകുമെന്നും പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് പ്രസംഗത്തിൽ വിമർശിച്ചു.
Also Read:കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്ത് മകന്‍; അതീവ ഗുരുതരാവസ്ഥയില്‍ അമ്മ ചികിത്സയില്‍