ഇടുക്കി:രാജി വയ്ക്കണമെന്ന സിപിഎം ആവശ്യം തള്ളി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. കൈക്കൂലി കേസിൽ നിരപരാധിത്വം തെളിയിക്കും. പാർട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും. പറയേണ്ടതെല്ലാം പറയേണ്ട സമയത്തd പറയുമെന്നും ചെയർമാൻ തൊടുപുഴയിൽ വ്യക്തമാക്കി.
കൈക്കൂലിക്കേസിൽ പ്രതിയായതോടെ സിപിഎം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. നേതൃത്വം അറിയാതെ വൈസ് ചെയർപേഴ്‌സണെ ചുമതലയേൽപ്പിച്ചതും പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമെന്നാണ് സൂചന. വിജിലൻസിൽ ഹാജരാകുവാൻ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ ഹാജരായില്ല.
തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് അസിസ്റ്റന്‍റ് എഞ്ചിനിയർ സിടി അജിയെയും ഇടനിലക്കാരൻ റോഷനെയും വിജിലൻസ് പിടികൂടിയത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ് കേസിലെ രണ്ടാം പ്രതിയാണ്.
വിജിലൻസ് കേസെടുത്തതിന് പിന്നാലെ വിശദീകരണം തേടിയ സിപിഎം ജില്ല നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. ആദ്യം രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചന.