വസ്ത്രങ്ങൾ തേച്ച് മിനുക്കാതെ പുറത്തു പോകുകയെന്നത് നമ്മളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എത്ര തിരക്കാണെങ്കിലും വസ്ത്രങ്ങൾ തേക്കാൻ സമയം കണ്ടെത്തുന്നവരാണ് മിക്കവരും. വസ്ത്രങ്ങൾ വൃത്തിയായി ഇരിക്കുമെന്ന് മാത്രമല്ല ആത്മവിശ്വാസം വർധിപ്പിക്കാനും ഇത് സഹായിക്കും. എന്നാൽ മിക്ക വീടുകളിലെയും അയേൺ ബോക്‌സുകളിൽ കറ, അഴുക്ക് എന്നിവ കണ്ടുവരാറുണ്ട്. ഇത് വസ്ത്രങ്ങളിൽ പറ്റിപിടിക്കാനും തുണികൾ ഉരുകി പോകാനും കാരണമായേക്കാം. അതിനാൽ തന്നെ ഇത്തരം കറകൾ നീക്കം ചെയ്യാൻ പലവഴികളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും. എന്നാൽ ഇനി ഇതോർത്ത് ആരും വിഷമിക്കേണ്ട. അയേൺ ബോക്‌സിന്‍റെ സോൾ പ്ലേറ്റുകളിൽ പറ്റിപിടിച്ചിരിക്കുന്ന കറകൾ വീട്ടിൽ നിന്ന് തന്നെ അനായാസം നീക്കം ചെയ്യാനാകും. എങ്ങനെയെന്ന് നോക്കാം.
പേപ്പർ & ഉപ്പ്
ഒരു പേപ്പർ എടുത്ത് ഇതിന് മുകളിലേക്ക് കുറച്ച് പൊടിയുപ്പ് വിതറുക. തേപ്പുപെട്ടി ഉയർന്ന താപനിലയിൽ ചൂടാക്കിയതിന് ശേഷം വസ്ത്രങ്ങൾ അയേൺ ചെയ്യുന്നത് പോലെ പേപ്പറിന് മുകളിൽ അയേൺ ചെയ്യുക. തേപ്പുപെട്ടിയുടെ സോൾ പ്ലേറ്റിൽ നിന്ന് കറകൾ പൂർണമായി ഇല്ലാതാകുന്നത് വരെ ഇത് ആവർത്തിക്കുക. ശേഷം തേപ്പുപെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്‌ത് പ്ലഗിൽ നിന്നും മാറ്റി ചൂട് പൂർണ്ണമായി മാറിയതിന് ശേഷം മൃദുവായ ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രങ്ങൾ ഉരുകി പിടിച്ചുണ്ടായവ ഉൾപ്പെടെയുള്ള കറകൾ നീക്കം ചെയ്യാൻ വളരെ എളുപ്പം സാധിക്കും.
ബേക്കിങ് സോഡ
ബേക്കിങ് സോഡാ ഉപയോഗിച്ചും തേപ്പുപെട്ടിയുടെ സോൾ പ്ലേറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാം. അതിനാൽ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയും അൽപം ഫിൽറ്റർ ചെയ്‌ത വെള്ളവും ചേർക്കുക. ഇവ നന്നായി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കുക. മൃദുവായ ഒരു തുണി ഉപയോഗിച്ച് ഈ മിശ്രിതം സോൾ പ്ലേറ്റിൽ പുരട്ടുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് ഇത് തുടച്ച് നീക്കം ചെയ്യാം. അതേസമയം തേപ്പുപ്പെട്ടിയുടെ പ്രതലത്തിൽ ഈ മിശ്രതം പുരട്ടുമ്പോൾ ഉൾഭാഗങ്ങളിൽ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എത്ര കഠിനമായ കറകൾ നീക്കം ചെയ്യാനും ഈ മിശ്രിതം ഉപകരിക്കരിക്കും.
ടൂത്ത്പേസ്റ്റ്
ടൂത്ത്പേസ്റ്റുകൾ ഉപയോഗിച്ചും അയേൺ ബോക്‌സിലെ കറകൾ സിംപിളായി നീക്കം ചെയ്യാം. അതിനായി ജെൽ രൂപത്തിലല്ലാത്ത ടൂത്ത് പേസ്റ്റുകൾ വേണം ഉപയോഗിക്കാൻ. അൽപം പോലും ചൂടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തേപ്പുപെട്ടിയുടെ പ്രതലത്തിൽ പേസ്റ്റ് തേച്ച് പിടിപ്പിക്കുക. മൂന്ന് മിനിറ്റിന് ശേഷം വൃത്തിയുള്ളതും മൃദുവായതുമായ ഒരു തുണി ഉപയോഗിച്ച് വൃത്താകൃതിയിൽ പേസ്റ്റ് തുടച്ച് കളയുക. പേസ്റ്റ് പൂർണ്ണമായി തുടച്ച് നീക്കിയെന്ന് ഉറപ്പാക്കിയതിന് ശേഷം തേപ്പുപെട്ടി ഓൺ ചെയ്‌ത് ചൂടാക്കുക. വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് വീണ്ടും നന്നായി തുടയ്ക്കുക.
ശ്രദ്ധിക്കുക: തേപ്പുപെട്ടി വൃത്തിയാക്കുമ്പോൾ പ്ലഗ് ഓൺ അല്ലെന്ന് ഉറപ്പ് വരുത്തുക. ഫിൽറ്റർ ചെയ്‌ത വെള്ളം മാത്രമേ തേപ്പുപെട്ടി വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം ധാതുക്കൾ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്. മൈക്രോ ഫൈബർ തുണി അല്ലെങ്കിൽ കോട്ടൺ തുണി ഉപയോഗിച്ച് മാത്രമേ തേപ്പുപെട്ടി വൃത്തിയാക്കാവൂ.
ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read :
1. ടൈലുകളിൽ പറ്റിപിടിച്ചിരിക്കുന്ന കറ ഏതുമാകട്ടെ, നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ ഇതാ
2. ആർത്തവ രക്തക്കറ നീക്കം ചെയ്യാനുള്ള 8 എളുപ്പവഴികൾ