ചിരട്ടയിൽ വിസ്‌മയം തീർത്ത് റിജേഷ് (ETV Bharat) കണ്ണൂർ: റിജേഷിന്‍റെ കരവിരുതുകൾക്കൊക്കെയും വിശ്വാസത്തിന്‍റെ അംശം ഉണ്ട്. തെയ്യങ്ങളോടുള്ള അടങ്ങാത്ത ഇഷ്‌ടമുണ്ട്. അതുകൊണ്ട് തന്നെയാവണം ചിരട്ടകളിൽ റിജേഷ് തീർത്ത തെയ്യക്കോലങ്ങൾക്ക് ഒക്കെയും ജീവന്‍റെ തുടിപ്പ്.
വെൽഡിങ് തൊഴിലാളിയായ കല്യാശേരിയിലെ വേലിക്കാത്ത റിജേഷ് ജോലിയുടെ ഇടവേളകളിലാണ് തെയ്യക്കോലങ്ങൾ ഉൾപ്പടെയുള്ള കരകൗശല വസ്‌തുക്കൾ നിർമിക്കുന്നത്. ചിരട്ടക്കഷണങ്ങൾ തേച്ചുമിനുക്കി വിവിധ രൂപത്തിലേക്ക് ഒട്ടിച്ചായിരുന്നു ആദ്യ പരീക്ഷണം. സംഭവം ക്ലിക്കായതോടെ പൊട്ടാത്ത ചിരട്ടയിൽ ആയി അടുത്ത പരീക്ഷണം.
തെയ്യങ്ങൾ എന്നും ഹരമാണ് റിജേഷിന്. ചെണ്ടയ്‌ക്ക് മേലെ കോൽ വീഴുന്നിടത്തുണ്ടാകും റിജേഷ്. അതുകൊണ്ടുതന്നെ കരകൗശല നിർമാണത്തിലേക്ക് തിരിഞ്ഞപ്പോൾ ആദ്യം മനസിൽ തെളിഞ്ഞതും തെയ്യക്കോലങ്ങൾ ആയിരുന്നു. നാട്ടിലെ ക്ഷേത്രോത്സവങ്ങളിൽ കണ്ടുകണ്ട് മനസിൽ ആഴത്തിൽ പതിഞ്ഞ ഗുളികന്‍റെ കോലമാണ് ആദ്യമായി ഇദ്ദേഹം നിർമിച്ചത്.
നാട്ടുകാരും വീട്ടുകാരും പ്രോത്സാഹിപ്പിച്ചതോടെ കൂടുതൽ തെയ്യക്കോലങ്ങളും വിളക്കുകളും പൂക്കളും ചിരട്ടകളിൽ വിരിഞ്ഞു. വിഷ്‌ണുമൂർത്തി, ഉച്ചിട്ട ഭഗവതി, കരിങ്കുട്ടിച്ചാത്തൻ, മുച്ചിലോട്ട് ഭഗവതി, തോട്ടുംകര ഭഗവതി, തായ്‌പരദേവത എന്നി തെയ്യങ്ങളുടെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. തായ്‌പരദേവതയ്‌ക്ക് മൂന്നടിയോളം ഉയരമുണ്ട്. ചിരട്ട മിനുസപ്പെടുത്തിയെടുത്ത് രൂപങ്ങൾക്ക് അനുസരിച്ച് മുറിച്ചാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് ഒരു ദിവസം സമയമെടുക്കും റിജേഷ് ഒരു തെയ്യക്കോലം പൂർത്തിയാക്കാൻ.
ALSO READ:ശിൽപകല രംഗത്ത് വഴികാട്ടിയായി ശിൽപ മുദ്ര; കലാകാരന്മാർക്ക് സുരക്ഷിത തൊഴിലിടം, കലാസംസ്‌കാരത്തിന്‍റെ നവീന മുഖമുദ്ര