തിരുവനന്തപുരം : ചോദിക്കുന്ന പണം നൽകി വിമാന ടിക്കറ്റ് വാങ്ങിയ ശേഷം അനിശ്ചിതമായി വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളിലുമാകും അവസാനിക്കുക. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്കാരോട് പാലിക്കേണ്ട മിനിമം ''മര്യാദകളും'' യാത്രക്കാരുടെ അവകാശങ്ങളും സംബന്ധിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് വിശദമായ നിയമാവലിയുണ്ടെന്ന കാര്യത്തില്‍ പല വിമാനയാത്രക്കാരും ഇപ്പോഴും ബോധവാന്മാരല്ല.
വിമാന കമ്പനികള്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സേവനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഇത് ആവശ്യപ്പെടാനുള്ള അവകാശവുമുണ്ട്.
വിമാനം വൈകിയാല്‍ :വിമാനം വൈകിയാല്‍ വിമാന കമ്പനി യാത്രകാര്‍ക്ക് കാത്തിരിപ്പ് സമയത്തില്‍ നിര്‍ബന്ധമായും ഭക്ഷണവും ലഘുഭക്ഷണവും നൽകണമെന്ന് നിയമാവലി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര യാത്ര വിമാനങ്ങള്‍ 6 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 24 മണിക്കൂറിനുള്ളില്‍ പകരം ഫ്ലൈറ്റിന്‍റെ സമയം യാത്രക്കാരെ വിമാന കമ്പനി അറിയിച്ചിരിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പുറപ്പെടേണ്ട സമയത്തില്‍ നിന്നും 6 മണിക്കൂറിനകം പകരം വിമാനമോ മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ നൽകുകയോ ചെയ്യണം.
രാത്രി 8 മുതല്‍ പുലര്‍ച്ചെ 3 വരെയുള്ള സമയത്തിനിടയില്‍ പുറപ്പെടേണ്ട വിമാനം 6 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ സൗജന്യ താമസസൗകര്യം ഒരുക്കേണ്ടത് വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ്. വിമാനത്താവളത്തില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കേണ്ടതും വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ്.
വിമാനം റദ്ദാക്കിയാല്‍ :വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ടാഴ്‌ചകള്‍ക്ക് മുന്‍പ് വിമാനം റദ്ദായ വിവരം യാത്രക്കാരനെ അറിയിച്ചില്ലെങ്കില്‍ പകരം വിമാന ടിക്കറ്റോ, യാത്രക്കാരന്‍റെ സൗകര്യാര്‍ഥം ടിക്കറ്റ് തുകയോ വിമാന കമ്പനികള്‍ തിരികെ നൽകണം. ഒരേ ടിക്കറ്റ് നമ്പറില്‍ നിന്നും കണക്ഷന്‍ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്‌ത യാത്രകാരുടെ സൗകര്യാര്‍ഥമുള്ള മറ്റൊരു വിമാന ടിക്കറ്റ് ഈ സാഹചര്യത്തില്‍ വിമാനകമ്പനി നൽകണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ നൽകണമെന്ന് നിയമാവലി നിഷ്‌കര്‍ഷിക്കുന്നു.
പകരം വിമാനമെത്തുന്നത് വരെയുള്ള യാത്രക്കാരുടെ ഭക്ഷണവും കമ്പനി നൽകണം. ബുക്കിങ് സമയത്ത് യാത്രക്കാരന്‍ യാത്രയുടെ മുഴുവന്‍ വിവരങ്ങളും അറിയിച്ചാല്‍ മാത്രമേ ടിക്കറ്റ് തുക തിരികെ ലഭിക്കുകയുള്ളു. മുന്‍നിശ്ചയിച്ച എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര പുറപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാന കമ്പനി നിശ്ചയിക്കുന്ന വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരന്‍റെ യാത്ര ചെലവ് പൂര്‍ണമായും കമ്പനി വഹിക്കണം. വിമാനം റദ്ദാക്കുന്നതിന് 6 മണിക്കൂര്‍ മുന്‍പ് ഇക്കാര്യം വിമാനകമ്പനി യാത്രക്കാരനെ അറിയിച്ചാല്‍ ഈ സേവനം ലഭ്യമാക്കേണ്ടതില്ലെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു.
എന്താണ് ബ്ലോക്ക് ടൈം? :വിമാന സര്‍വീസില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാന്‍ വിമാനകമ്പനികള്‍ സമയമാണ് പ്രധാനമായും കണക്കിലെടുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലോക്ക് ടൈം. പുറപ്പെടേണ്ട വിമാനത്താവളത്തിന്‍റെ ഗേറ്റില്‍ നിന്നും എത്തേണ്ട വിമാനത്താവളത്തിന്‍റെ ഗേറ്റ് വരെ ഒരു വിമാനം സഞ്ചരിക്കാനുള്ള സമയമാണ് ബ്ലോക്ക് ടൈം.
യാത്രക്കാരുടെ അവകാശങ്ങള്‍ പോലെ തന്നെ ആകാശയാത്രയിലെ ന്യൂനതകള്‍ പരിഗണിച്ച് വിമാന കമ്പനികള്‍ക്കും ചില അവകാശങ്ങളുണ്ട്. ബ്ലോക്ക് ടൈം ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഏറ്റവും കുറവ് 2.30 മണിക്കൂര്‍ ബ്ലോക്ക് ടൈം ലഭിച്ചാല്‍ മാത്രമേ വിമാന കമ്പനിയില്‍ നിന്നും യാത്രക്കാരന് ഏത് വിധേനയുമുള്ള നഷ്‌ടപരിഹാരം ആവശ്യപ്പെടാനാകൂ.
വിമാനം റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരേ ടിക്കറ്റ് നമ്പറില്‍ നിന്നും കണക്ഷന്‍ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രകാരുടെ കണക്ഷന്‍ വിമാനത്തിന്‍റെ ബ്ലോക്ക് ടൈം 1 മണിക്കൂറാണെങ്കില്‍ 5,000 രൂപ നഷ്‌ടപരിഹാരമോ യാത്രയ്ക്കായുള്ള ടിക്കറ്റ് മാത്രമോ വിമാന കമ്പനി നഷ്‌ടപരിഹാരമായി നൽകിയാല്‍ മതി. രണ്ട് മണിക്കൂറാണെങ്കില്‍ 7,500 രൂപയും ടിക്കറ്റും നൽകണം. രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 10,000 രൂപയും നൽകാനാണ് നിയമം.
എന്താണ് ഓവര്‍ ബുക്കിങ് പ്രതിസന്ധി? :വിമാനത്തില്‍ ലഭ്യമായ സീറ്റിനേക്കാള്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിമാനത്താവളത്തിലെത്തുന്നതാണ് ഓവര്‍ ബുക്കിങ് പ്രതിസന്ധി. ഓവര്‍ ബുക്കിങ് പ്രതിസന്ധി കാരണം ബോര്‍ഡിങ് അനുമതി നിഷേധിക്കുകയും വിമാനത്തില്‍ കയറാനാകാതെയും വന്നാല്‍ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യത വിമാന കമ്പനിക്കില്ല. അതേ സമയം ഒരു മണിക്കൂറിനുള്ളില്‍ പകരം സംവിധാനം വിമാന കമ്പനി ഒരുക്കിയില്ലെങ്കില്‍ 10,000 രൂപ വരെയുള്ള ടിക്കറ്റുകളുടെ നിരക്കിന്‍റെ 200 ശതമാനം നഷ്‌ടപരിഹാരവും പകരം വിമാനടിക്കറ്റ് നൽകുകയും വേണം.