എറണാകുളം:എറണാകുളത്ത് ഇത്തവണയും യുഡിഎഫിന് ഉജ്ജ്വല വിജയം. കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭ മണ്ഡലമായ എറണാകുളത്ത് റെക്കോഡ് ഭൂരിപക്ഷത്തില്‍ ഹൈബി ഈഡൻ വിജയമാവർത്തിച്ചു. ഇടതുമുന്നണിയിലെ കെജെ ഷൈൻ ടീച്ചറെയാണ് 2,50,385 വോട്ടിന്‍റെ ഭൂരിപക്ഷത്തിൻ ഹൈബി ഈഡൻ പരാജയപ്പെടുത്തിയത്. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്.
സിപിഐ (എം) സ്ഥാനാർഥി കെജെ ഷൈന്‍ ടീച്ചര്‍ 2,31,932 വോട്ടുകൾ നേടി. ബിജെപി സ്ഥാനാര്‍ഥി ഡോ. കെഎസ് രാധാകൃഷ്ണന്‍ 1,44,500 വോട്ടുകളും ട്വന്റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്‍റണി ജൂഡി 39,808 വോട്ടുകളും നേടി. നോട്ടയ്ക്ക് ലഭിച്ചത് 7758 വോട്ടുകളാണ്.
പോസ്റ്റൽ വോട്ട് മുതൽ വോട്ടെണ്ണലിന്‍റെ ഒരോ ഘട്ടത്തിലും ഹൈബി ഈഡൻ മുന്നിട്ട് നിൽക്കുകയായിരുന്നു. വോടെണ്ണൽ പൂർത്തിയായതോടെ ഇത്തവണയും ലോകസഭയിൽ എറണകുളം മണ്ഡലത്തെ പ്രതിനിധികരിക്കാനുള്ള ജനവിധി യുഡി എഫിന് അനുകൂലമായി. ഇത്തവണ 68.27 % വോട്ടാണ് പോൾ ചെയ്തത്. ഒമ്പത് ശതമാനത്തിൽ ഏറെയാണ് ഇത്തവണ പോളിംഗിൽ കുറവ് ഉണ്ടായത്.
ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഈഡന്‍:എറണാകുളം മണ്ഡലത്തിൽ വോട്ടിങ് ശതമാനം കുറഞ്ഞ കാലങ്ങളിലെല്ലാം ഇത് യുഡിഎഫ് ഭൂരിപക്ഷത്തെയാണ് ബാധിച്ചിരുന്നതെങ്കിൽ ഇത്തവണ ഇതിലും മാറ്റമുണ്ടായി. കഴിഞ്ഞ തവണത്തെ 1.69 ലക്ഷത്തിന്‍റെ ഭൂരിപക്ഷവും മറികടന്ന് രണ്ടര ലക്ഷത്തിലധികം വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷമാണ് ഹൈബി നേടിയത്. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾ സ്വീകരിച്ചതിന്‍റെ തെളിവാണ് ചരിത്ര ഭൂരിപക്ഷമെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു.
ജനങ്ങൾക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇത് ഭയപ്പെടുത്തുന്ന ഉത്തരവാദിത്വമാണ്. ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉത്തരവാദിത്വം വർധിപ്പിച്ചു. ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. കേവലം തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ചരിത്ര ഭൂരിപക്ഷമാണ് ജനങ്ങൾ നൽകിയത്. മതേതരകാംക്ഷികളും വികസനകാംക്ഷികളും യുഡിഎഫിനൊപ്പം നിന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ നൽകിയ സ്നേഹ പ്രകടനം വിജയം ഉറപ്പിക്കുന്നതായിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താണ് ഉണ്ടായതെന്നും ഹൈബി പറഞ്ഞു. കേരളത്തിലെ ചില മണ്ഡലങ്ങളിൽ സിപിഎം - ബിജെപി കൂട്ടുകെട്ട് ഉണ്ടായെന്നും തൃശൂരിലെ പരാജയം പാർട്ടി പരിശോധിക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം കഴിഞ്ഞ തവണ നേടിയതിനേക്കാൾ നേടിയ ഭൂരിപക്ഷം നേടി ചരിത്രവിജയം ആവർത്തിക്കുമെന്ന് വേട്ടെടുപ്പിന് മുമ്പ് തന്നെ ഹൈബി വ്യക്തമാക്കിയിരുന്നു.
ഇത് ശരിവെക്കുന്നതാണ് എറണാകുളം മണ്ഡലത്തിലെ വലിയ വിജയം. ഇടത് വലത് മുന്നണികൾ ഒപ്പം എൻഡി എ , ട്വന്‍റി 20 സ്ഥാനാർഥികളും സജീവമായി മത്സര രംഗത്തുണ്ടായിരുന്നു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ കെ.എസ് രാധാകൃഷ്ണർ ഒന്നരലക്ഷത്തിൽ താഴെ വോട്ടാണ് നേടിയത്. അതേസമയം ട്വന്‍റി20യ്‌ക്ക് നാല്‍പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് എറണാകുളം.
മണ്ഡലത്തിന്‍റെ ചരിത്രം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള ലോക്‌സഭ മണ്ഡലങ്ങളിൽ ഒന്നാണ് എറണാകുളം. തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അഞ്ച് തവണ മാത്രമാണ് കോൺഗ്രസിന് ഈ മണ്ഡലം നഷ്‌ടമായത്. ആദ്യമായി 1967ൽ വി വി മേനോനിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. തുടർന്ന് 1971ൽ ഹെൻറി ഓസ്റ്റിനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ച് പിടിക്കുകയും ചെയ്‌തു. 1996ൽ കോൺഗ്രസുകാരനായ സേവ്യർ അറയ്ക്കൽ ഇടതുമുന്നണി പിന്തുണയോടെയാണ് വിജയിച്ചത്.
അന്ന് അദ്ദേഹം തോൽപ്പിച്ചതാകട്ടെ കെ വി തോമസിനെ ആയിരുന്നു. സേവ്യർ അറയ്ക്കൽ വൃക്ക രോഗബാധിതനായി മരണപ്പെട്ടതോടെ 1997ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ സെബാസ്റ്റ്യൻ പോളിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിർത്തുകയും ചെയ്‌തു. 1998ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോർജ് ഈഡനായിരുന്നു വിജയം. 2003ലെ ഉപതെരെഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ വീണ്ടും ഇടത് രക്ഷകനായി. 2004ലും അദ്ദേഹം വിജയം ആവർത്തിച്ചു.
എറണാകുളം ലോകസഭ മണ്ഡലത്തിൽ നിന്നും 1984, 1989, 1991,2009, 2014 വർഷങ്ങളിൽ വിജയിച്ച കെ വി തോമസാണ് ലോക്‌സഭയിൽ മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാരിൽ കെ വി തോമസിനെ മാത്രമായിരുന്നു കോൺഗ്രസ് സീറ്റ് നിഷേധിച്ച് മാറ്റിനിർത്തിയത്. തന്നെ അറിയിക്കുക പോലും ചെയ്യാതെ സീറ്റ് നൽകാതെ മാറ്റി നിർത്തിയതോടെയായിരുന്നു കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.
ALSO READ: തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം - SURESH GOPI VICTORY
പിന്നീട് അദ്ദേഹം കോൺഗ്രസ് വിടുകയും ചെയ്‌തു. എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോകസഭ നിയോജക മണ്ഡലം. നിലവിൽ കളമശ്ശേരി, വൈപ്പിൻ, കൊച്ചി നിയമസഭ മണ്ഡലങ്ങളാണ് ഇടതുപക്ഷത്തിനൊപ്പമുള്ളത്.
ലത്തീൻ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലകാലങ്ങളിൽ ഇരുമുന്നണികളും സ്ഥാനാർഥി നിർണയത്തിൽ ഈ സമുദായത്തെയാണ് പരിഗണിക്കാറുള്ളത്. കഴിഞ്ഞ തവണ പി രാജീവിനെ ഇറക്കി സിപിഎം ഒരു പരീക്ഷണം നടത്തിയെങ്കിലും ഫലം വലിയ തിരിച്ചടിയായിരുന്നു. ഹൈബി ഈഡൻ 4,91,263 വോട്ട് നേടിയപ്പോൾ പി രാജീവ് 3,22,110 വോട്ടാണ് നേടിയത്. 1991ന് ശേഷം 2019ലാണ് സിപിഎം ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്.