കാസർകോട്: ഒരത്ഭുതം പോലെ തിരിച്ചുകിട്ടിയ ജീവനുമായി നളിനാക്ഷൻ കുവൈറ്റിൽ നിന്നും സ്വന്തം നാടായ ഒളവറയിലേക്ക് തിരിച്ചെത്തി. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്കുള്ള നളിനാക്ഷന്‍റെ രണ്ടാം വരവായിരുന്നുവിത്. ആളിപ്പടരുന്ന തീയും ശ്വാസം മുട്ടിക്കുന്ന പുകയും പുകയ്‌ക്ക് ഒപ്പം ഉയരുന്ന നിലവിളികളും സുഹൃത്തുക്കളുടെ വേർപാടും തീരാനോവായി നാളിനാക്ഷന്‍റെ മനസിൽ ഇപ്പോഴുമുണ്ട്.
പ്രാണൻ നഷ്‌ടപ്പെടുമെന്ന ഭയത്താൽ തനിക്ക് പിന്നാലെ കെട്ടിടത്തിൽ നിന്നും ചാടി ഒടുവിൽ മരണത്തിനു കീഴടങ്ങിയ ചിന്നനും തന്‍റെ ആത്മാർഥ സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ കേളു പൊന്മലേരിയുടെയും എം പി രഞ്ജിത്തിന്‍റെയും വിയോഗം ഉൾക്കൊള്ളാൻ നളിനാക്ഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുവൈത്തിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നളിനാക്ഷൻ രക്ഷപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ നളിനാക്ഷൻ രണ്ടുമാസത്തിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വാരിയെല്ലുകൾക്കും നട്ടെല്ലിനും സാരമായ പരുക്കുണ്ട്.
ജൂൺ 12നു പുലർച്ചെയായിരുന്നു കുവൈറ്റിൽ ദുരന്തമുണ്ടായത്.
അപകടം നടന്ന് രണ്ടുമാസം തികയുകയാണ് ഇന്ന്. അന്ന് 45 ഇന്ത്യക്കാരാണ് മരണത്തിന് കീഴടങ്ങിയത്.
അനുഭവങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും നളിനാക്ഷൻ കണ്ണീരണിഞ്ഞു.
എന്നും രാവിലെ 5.30 നാണ് എഴുന്നേൽക്കുന്നതെന്നു നളിനാക്ഷൻ പറഞ്ഞു. സംഭവമുണ്ടായ ദിവസം പുലർച്ചെ നാല് മണിക്ക് ഉണർന്നു. അപ്പോഴാണ് തീയും പുകയും കണ്ടത്. തൊട്ടടുത്ത മുറിയിലേക്ക് ഓടുമ്പോഴേക്കും അവിടെയുള്ളവർ രക്ഷപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു.
കോറിഡോറിലൂടെ വീണ് മരിച്ച നിതിനും മറ്റുമായിരുന്നു അടുത്ത മുറിയിൽ. അവനെ ഉണർത്തിയത് ഞാനാണ്. പക്ഷേ അവൻ പോയി... നാളിനാക്ഷന്‍റെ വാക്കുകൾ മുറിഞ്ഞു. പിന്നെ എന്തു ചെയ്യണമെന്ന് ആലോചിക്കാനുള്ള സമയമില്ല. രണ്ടും കൽപ്പിച്ച് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് എടുത്തുചാടി. നേരെ ചെന്നത് വാട്ടർ ടാങ്കിൽ ആയിരുന്നെനും അല്‍പം ഒന്ന് മാറിയിരുന്നെങ്കിൽ ജീവൻ നഷ്‌ടപ്പെട്ടേനെ എന്നും നളിനാക്ഷൻ പറഞ്ഞു.