കെഎസ്ഇബി ഓഫിസ് നാട്ടുകാര്‍ ആക്രമിച്ചതായി പരാതി (reporter) കോഴിക്കോട് :വൈദ്യുതി ബന്ധം നിലച്ചതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി കെഎസ്ഇബി ഓഫിസിന്‍റെ ബോർഡ് തകർത്തു. പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിന്‍റെ പുറത്ത് സ്ഥാപിച്ച ബോർഡാണ് കല്ലെറിഞ്ഞ് തകർത്തത്. വ്യാഴാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം.
പന്തീരാങ്കാവിന് സമീപം അത്താണി പ്രദേശത്ത് നിരവധി തവണ വൈദ്യുതി ബന്ധം നിലച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. വൈദ്യുതി നിലച്ചതോടെ കൊടുംചൂടിൽ സഹിക്കെട്ട് പ്രദേശവാസികൾ നിരവധി തവണ കെഎസ്ഇബി ഓഫിസിൽ വിളിച്ച് അറിയിച്ചെങ്കിലും പലപ്പോഴും ഫോൺ എടുക്കാൻ പോലും തയ്യാറാവാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചതെന്നാണ് വിവരം.
ഇരുപതോളം പേരാണ് രാത്രിയിൽ കെഎസ്ഇബി ഓഫിസിനു മുൻപിൽ എത്തിയത്. ആ സമയത്ത് കെഎസ്ഇബിയിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്രയും പേർ ഒരുമിച്ചെത്തിയതോടെ ജീവനക്കാരൻ ഓഫിസിന്‍റെ ഗ്രില്ലുകൾ അടച്ചു.
ഈ സമയത്ത് ഓഫിസിന്‍റെ പുറത്ത് സ്ഥാപിച്ച ചെറിയ ബോർഡ് ആരോ എറിഞ്ഞു തകർത്തു. ഇതിന് തുടർന്ന് ഇന്നലെ കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിസരത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്
Also Read : കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിന് ജലം, പക്ഷേ വൈദ്യുതി കണക്ഷനില്ല ; വലഞ്ഞ് 50ലേറെ കുടുംബങ്ങള്‍ - IDUKKI DRINKING WATER ISSUE