തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി 2028ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തെ വളർത്താൻ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്‍റ് തുറമുഖമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.
കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയില്‍ പാത കേരളത്തിന് ആവശ്യമുണ്ട്. മുന്‍ പദ്ധതികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. വിഴിഞ്ഞമടക്കമുളള പദ്ധതികള്‍ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.