തിരുവനന്തപുരം : കാര്‍ഷിക മേഖല കഴിഞ്ഞ മൂന്ന് വര്‍ഷമായി മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ അടിസ്ഥാന വികസനം സാധ്യമാക്കിയതിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്‌പാദനം 2015-16ല്‍ 6.28 ലക്ഷം ആയിരുന്നത് 2023-24ല്‍ 17.2 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷം 727.40 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പ്രഖ്യാപിച്ചു.
കേന്ദ്ര സഹായമായി 115.50 കോടി രൂപയും വകയിരുത്തി. വിളപരിപാലനത്തിനായി 535.9 കോടി വകയിരുത്തി. സമഗ്രമായ നെല്ല് വികസന പദ്ധതി വരും വര്‍ഷം സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ട് 150 കോടി രൂപ വകയിരുത്തുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉത്‌പാദനോപാദികള്‍ക്കുള്ള സഹായമായി ഹെക്‌ടറിന് 5500 രൂപ, നെല്‍വയല്‍ ഉടമകള്‍ക്ക് അവയുടെ സംരക്ഷണത്തിനായി ഹെക്‌ടറിന് 3000 രൂപ എന്നിങ്ങനെ റോയല്‍റ്റി നല്‍കുന്നതിനുള്ള 80000 രൂപയും ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 43 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ പുതിയ പദ്ധതിക്കായി 21 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് 78.45 കോടി രൂപ വകയിരുത്തി. നാളികേര വികസനത്തിനായി 73 കോടി രൂപയും വകയിരുത്തി.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വിശദമായി
- കാർഷിക മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് 2025-26 സാമ്പത്തിക വർഷം 727.40 കോടി രൂപ വകയിരുത്തുന്നു. കേന്ദ്ര സഹായമായി 115.50 കോടി രൂപ പ്രതീക്ഷിക്കുന്നു.
- വിള പരിപാലന മേഖലയ്ക്കായി 535.90 കോടി രൂപ വകയിരുത്തുന്നു.
- സമഗ്രമായ ഒരു നെല്ല് വികസന പദ്ധതി അടുത്ത വർഷം സർക്കാർ കൊണ്ടുവരും. നെല്ല് വികസന പദ്ധതിക്കായി വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ട് 150 കോടി രൂപ വകയിരുത്തുന്നു. ഇതിൽ സുസ്ഥിര നെൽകൃഷി വികസനത്തിന് ഉൽപ്പാദനോപാദികൾക്കുളള സഹായമായി ഹെക്‌ടറിന് 5500 രൂപ, നെൽവയൽ ഉടമസ്ഥർക്ക് നെൽവയൽ സംരക്ഷണത്തിന് ഹെക്‌ടറിന് 3000 രൂപ എന്നീ നിരക്കുകളിൽ റോയൽറ്റി നൽകുന്നതിനുളള 80 കോടി രൂപയും ഉൾപ്പെടുന്നു.
- കേരള കാർഷിക സർവകലാശാലയുടെ ഗവേഷണ പദ്ധതിക്കൾക്കായി 43 കോടി രൂപ വകയിരുത്തുന്നു. ഇതിൽ പുതിയ പദ്ധതികൾക്കായി 21 കോടി രൂപ നീക്കിവയ്ക്കുന്നു.
- സമഗ്ര പച്ചക്കറി വികസന പദ്ധതിയ്ക്ക് 78.45 കോടി രൂപ വകയിരുത്തുന്നു. VFPCK മുഖേന പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള വിവിധ പ്രവർത്തനങ്ങൾക്കായുളള 18 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
- നാളികേര വികസനത്തിനായി 73 കോടി രൂപ വകയിരുത്തുന്നു.
- സുഗന്ധവ്യജ്ഞന വിള വികസന പദ്ധതിയ്ക്കായുള്ള വകയിരുത്തൽ 4.60 കോടി രൂപയിൽ നിന്നും 7.60 കോടി രൂപയായി വർധിപ്പിക്കുന്നു.
- പഴവർഗങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ വികസനത്തിനായി ആകെ 18.92 കോടി രൂപ വകയിരുത്തുന്നു.
- കേരളത്തിൻ്റെ കാർഷിക-കാലാവസ്ഥാ വൈവിധ്യം കണക്കിലെടുത്ത് കേരളത്തെ 'ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഹബ്' ആക്കാൻ വിഭാവനം ചെയ്യുന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃഷിയ്ക്കായുള്ള സഹകരണ സംരംഭം (CITA) എന്ന സ്‌കീമിൽ ഉൾപ്പെടുത്തി ഇതിനായി 30 കോടി രൂപ വകയിരുത്തുന്നു.
- പാലക്കാട് ചിറ്റൂർ പെരുമാട്ടി അഗ്രോ ഇന്നവേഷൻ പാർക്കിന് 1 കോടി രൂപ അനുവദിക്കുന്നു.
- കാർഷിക വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിന് 14.89 കോടി വകയിരുത്തുന്നു.
- ഫാം യന്ത്രവൽക്കരണ പ്രവർത്തനങ്ങളിലൂടെ കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമ്മ സേനകൾ, കസ്റ്റം ഹയറിങ് സെന്‍ററുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 10 കോടി വകയിരുത്തുന്നു.
- പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിളനാശത്തിനു നൽകി വരുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ സർക്കാർ വിഹിതമായി 33.14 കോടി രൂപ വകയിരുത്തുന്നു.
- കാർഷിക വിപണനം, സംഭരണം, വെയർ ഹൗസിങ്, മറ്റ് കാർഷിക പരിപാടികൾ എന്നിവയ്ക്കായി ആകെ 157.31 കോടി രൂപ വകയിരുത്തുന്നു.
- കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള പിന്തുണക്കായി 43.90 കോടി രൂപയും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും മൂല്യവർധനവും ഉറപ്പു വരുത്തുക. കർഷക ഉത്‌പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്നീ ഉദ്യമങ്ങൾക്കായി 8 കോടി രൂപയും വകയിരുത്തുന്നു.
- കാലാവസ്ഥാ വ്യതിയാനം ചെറുത്തുകൊണ്ടും ദ്വിതീയ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുമുള്ള സമഗ്ര കാർഷിക വികസനത്തിന് 2365.5 കോടി രൂപയുടെ പ്രത്യേക പദ്ധതിക്ക് ലോകബാങ്കിന്‍റെ അംഗീകാരം ലഭിച്ചു. ഈ വർഷം കേര പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തുന്നു.
Also Read: സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്; സർവീസ് പെൻഷൻ കുടിശികയുടെ അവസാന ഗഡു പ്രഖ്യാപിച്ചു